Categories: Kerala

ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ സ്വര്‍ണപ്പണിക്കാരന്റെ കടയൊഴിപ്പിച്ചു; സംഭവം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരില്‍

Published by

കരിവെള്ളൂര്‍ (കണ്ണൂര്‍): ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ സിപിഎമ്മുകാര്‍ സ്വര്‍ണപ്പണിക്കാരനായ യുവാവിന്റെ കടയൊഴിപ്പിച്ചു. സിപിഎം പാര്‍ട്ടി ഗ്രാമമായ കരിവെള്ളൂരിലെ ടി.വി. പ്രമോദിന്റെ സ്വാതി ജ്വല്ലറിയാണ് സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കടയുടമ ഒഴിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലധികമായി പ്രമോദിന്റെ കുടുംബം ഈ കടയില്‍ സ്വര്‍ണപ്പണി ചെയ്തു വരികയായിരുന്നു. പ്രമോദ് സ്വര്‍ണപ്പണിയും ഭാര്യ ബിന്ദു ഇതേ മുറിയില്‍ തുന്നല്‍ ജോലിയും ചെയ്യുന്നുണ്ട്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രമോദും ഭാര്യയും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചതോടെയാണ് കടയടപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട കടയുടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയാണ് കടയൊഴിപ്പിച്ചത്. ബിജെപി കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ പ്രമോദ്, പയ്യന്നൂര്‍ ബ്ലോക്കിലെ കരിവെള്ളൂര്‍ ഡിവിഷനിലും ഭാര്യ ബിന്ദു കരിവെള്ളൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡായ കുണിയന്‍ പടിഞ്ഞാറിലുമാണ് മത്സരിച്ചത്. സിപിഎം ശക്തി കേന്ദ്രമായ ഡിവിഷനി

ല്‍ പ്രമോദിന് 938 വോട്ടും ഭാര്യയ്‌ക്ക് 131 വോട്ടും ലഭിച്ചിരുന്നു. കൂടാതെ പഞ്ചായത്തിലെ പെരളം ഒമ്പതാം വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി 258 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതൊക്കെയാണ് പ്രമോദിന്റെ കടയൊഴിപ്പിക്കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഏതാനും ദിവസം മുമ്പ് സിപിഎമ്മുകാര്‍ കട കരിഓയിലൊഴിച്ച് വികൃതമാക്കിയിരുന്നു. പാര്‍ട്ടി കേന്ദ്രത്തില്‍ ജീവിക്കണമെങ്കില്‍ പ്രമോദിന്റെ കടയൊഴിപ്പിക്കണമെന്ന് സിപിഎം നേതൃത്വം ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രമോദിനോട് ഉടമ കടയൊഴിയാന്‍ നിര്‍ദേശിച്ചു. 31ന് പ്രമോദ് സാധനങ്ങളെല്ലാം സ്വന്തം വീട്ടിലേക്ക് മാറ്റി. ഇടിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രമോദിന്റെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗ്ഗം ഇതോടെ മുടങ്ങി. ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ബിജെപി പ്രവര്‍ത്തകനായി എന്ന കാരണത്താല്‍ ഇവയെല്ലാം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പലതവണ പ്രമോദിന് നേരെ സിപിഎമ്മുകാര്‍ വധഭീഷണി മുഴക്കിയിരുന്നു. വീടിന് നേരെ അക്രമണ ശ്രമവുമുണ്ടായി. സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by