കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രാ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് എ, ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത തദ്ദേശതെരഞ്ഞെടുപ്പു തോല്‍വിയുടെ പേരിലായിരുന്നു ഏറ്റുമുട്ടല്‍.
രമേശ് ചെന്നിത്തല എത്തുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് വേദിക്കരികില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ വാക്പോരും തമ്മിലടിയും നടന്നത്. ഈ സമയം ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ ജേക്കബ് ചെറ്റിമറ്റത്തെ (സണ്ണി) ഐ ഗ്രൂപ്പിലെ ടി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. എ ഗ്രൂപ്പുകാരും സംഘടിച്ചെത്തിയതോടെ കൂട്ടത്തല്ലായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂര്‍, നടുവില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഗ്രൂപ്പുകളികളാണെന്നാരോപിച്ച് മലയോരത്തെ കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. യുഡിഎഫിന്റെ പരാജയത്തിന് കാരണമാകും വിധത്തിലുള്ള നേതാക്കളുടെ വാട്സാപ് സന്ദേശം എ ഗ്രൂപ്പുകാരനായ ജേക്കബ് പുറത്ത് വിട്ടിരുന്നു. ഇതാണ് മറുഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. സ്ഥലം എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കെ സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: