മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ പരിക്കുകളോടെ കടന്നുവന്ന് ‘വി’ ആകൃതിയിലുള്ള വീണ്ടെടുക്കലിലേക്ക് ഇന്ത്യയെ നയിച്ച 1 മുതല്‍ 3 വരെയുള്ള ആത്മനിര്‍ഭര്‍ പാക്കേജുകള്‍ക്ക് ശേഷം, ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.
ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 137% ന്റെ വര്‍ദ്ധന, ബജറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ചെലവില്‍ 32% വര്‍ദ്ധന, രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെയും സ്വകാര്യവത്കരണം, ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ സംശുദ്ധമാക്കുന്നതിനുള്ള സംവിധാനം, നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ നികുതി വ്യവസ്ഥയുടെ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തല്‍, സാമ്പത്തിക വീണ്ടെടുക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ധനച്ചെലവിന്റെ ഗണ്യമായ വര്‍ദ്ധന, ആസ്തി പണമാക്കലിനുള്ള പദ്ധതി തുടങ്ങിയവയെല്ലാം ഈ ബജറ്റിന്റെ സവിശേഷതകളാണ്.
ഒരു സമ്പദ്വ്യവസ്ഥയില്, അടിസ്ഥാന സൗകര്യങ്ങള്‍, അധ്വാനം, മൂലധനം എന്നിവ പ്രധാന ഘടകങ്ങളാണ്. പരമ്പരാഗതമായി, അധ്വാനവും മൂലധനവും പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മൃദുവും ദൃഢവുമായ അടിസ്ഥാന സൗകര്യങ്ങള്‍ അധ്വാനത്തിന്റെയും മൂലധനത്തിന്റെയും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ബജറ്റ് വിശകലനത്തില്‍ അവയെയും ഘടകങ്ങളായി കണക്കാക്കാം. മൃദു അടിസ്ഥാന സൗകര്യങ്ങള്‍ മനുഷ്യവികസനത്തില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കിലും, ദൃഢമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൗതിക ആസ്തികള്‍ ഉള്‍ക്കൊള്ളുന്നു. ആരോഗ്യത്തിന്റെ പ്രധാന പങ്ക് എടുത്തുകാണിച്ച മാഹാമാരി കണക്കിലെടുക്കുമ്പോള്‍, ഇത് മൃദു അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍ണായക ഘടകമായി മാറി.
അതുപോലെ, ദൃഢമായ അടിസ്ഥാന സൗകര്യങ്ങള്‍ വഴി നിക്ഷേപം, വളര്‍ച്ച, ഉപഭോഗം എന്നിവ ത്വരിതപ്പെടുകയും ചെയ്യും. ഈ ഓരോ ഘടകങ്ങളെയും ഗുണപരമായി ബാധിക്കുമെന്നതിനാല്‍ ഈ വര്‍ഷത്തെ ബജറ്റ് ചരിത്രപരമായി കണക്കാക്കപ്പെടും.
ഇന്ത്യയില്‍, എന്‍ഐപിപി യുടെ ഒരു പഠനം കാണിക്കുന്നത് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള ധനപരമായ ഗുണിതം വളരെ ഉയര്‍ന്നതാണെന്നാണ്. നിക്ഷേപം നടത്തിയ വര്‍ഷത്തില്‍ 2.5 ഉം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 4.5 ഉം. അതിനാല്‍, ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന് നടപ്പാക്കുന്നതിന് അനുവദിച്ച 5.54 ലക്ഷം കോടി രൂപയുടെ ആഘാതം പരിഗണിക്കുകയാണെങ്കില്‍, ഇത് ജിഡിപിയുടെ 2.5% ആയി വര്‍ദ്ധിക്കുന്നു. 2.5 ന്റെ ഗുണിതമെടുത്താല്, ജിഡിപി വളര്‍ച്ചയുടെ 2.5 ത 2.5 = 6.25% അടിസ്ഥാന സൗ കര്യങ്ങള്ക്കായുള്ള ചെലവില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗവണ്മെന്റിന്റെ മൂലധനച്ചെലവില്‍ ഗണ്യമായ വര്ധനവുണ്ടായതിനേക്കാളും മുകളിലാണിത്. ഇതിന്റെ ഫലമായി ബജറ്റില്‍ നിശ്ചയിച്ചിട്ടുള്ള 4.2 ലക്ഷം കോടിക്ക് പകരം 4.39 ലക്ഷം കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്.
റോഡുകള്‍ക്കും റെയില്‍വേയ്ക്കുമായി നല്‍കിയിട്ടുള്ള ഗണ്യമായ വിഹിതം രാജ്യത്ത് മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പാക്കി അതുവഴി ഇന്ത്യന്‍ കമ്പനികള്‍ക്ക് ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കും. ആത്മനിര്‍ഭര്‍ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പാക്കേജുകളില്‍ തുടക്കമിട്ട തൊഴില്‍ പരിഷ്കാരങ്ങള്‍ എം.എസ്.എം.ഇ നിര്‍വ്വചന മാറ്റങ്ങള്‍, ഉല്പാദന ബന്ധിത പ്രോത്സാഹന പദ്ധതി തുടങ്ങിയവ രാജ്യത്തെ ഉല്പാദന മേഖലയെ സഹായിക്കും. പൊതുമേഖലയില്‍ അടിസ്ഥാന സൗകര്യ ധനകാര്യ കോര്പറേഷന് തുടങ്ങാനുള്ള ബില്‍ സ്വകാര്യ മേഖലയിലും ഇത്തരം സംരംഭങ്ങള്‍ക്ക് വഴി തുറക്കും. പൊതുചെലവിനായുള്ള ധനസഹായ മാര്‍ഗ്ഗങ്ങളില്‍ ഇതും ഉള്‍പ്പെടും.
ആരോഗ്യസംരക്ഷണച്ചെലവിലെ വമ്പിച്ച വര്‍ധനയുടെ ഗുണഫലം കാലക്രമേണ പ്രകടമാകും. സേവന മേഖലകളില്‍ ഇതിന്റെ ഫലങ്ങള്‍ അനുഭവപ്പെടും. അതിനാല്‍, വാക്സിനേഷനായുള്ള ഈ ചെലവ് ഈ വര്‍ഷം തന്നെ അതിന്റെ സ്വാധീനം ചെലുത്തും. ആരോഗ്യ പരിചരണത്തിനായുള്ള നീക്കിയിരുപ്പ് വര്‍ദ്ധിപ്പിച്ചത് ഇതുവരെയുണ്ടായിരുന്ന മുന്‍ഗണനകളില്‍ നിന്നുള്ള വ്യതിയാനമാണ്. ഇത് സാധാരണക്കാരന് ഇടക്കാലത്തും ദീര്‍ഘകാലത്തും ഗുണം ചെയ്യും.
ആരോഗ്യസംരക്ഷണത്തിലെ നിര്‍ണ്ണായക മാറ്റത്തിനുപുറമെ, ഈ വര്‍ഷത്തെ ബജറ്റിന് ഇന്ത്യയിലെ സാമ്പത്തിക മേഖലയുടെ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കാനും കഴിയും. മൂന്ന് പ്രധാന സംരംഭങ്ങള്‍ ഇക്കാര്യത്തില്‍ വേറിട്ടുനില്ക്കുന്നു. ഒന്നാമത്തേത് സമ്മര്‍ദ്ദം ചെലുത്തുന്ന ആസ്തികളുടെ മൂല്യനിര്‍ണ്ണയത്തിന് നിര്‍ണായകമായ തീരുമാനമെടുക്കല്‍ ഒരു സ്വകാര്യമേഖലാ ഘടനയിലൂടെ നടപ്പാക്കുന്നതിനുള്ള സംവിധാനം. രണ്ടാമതായി, രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെയും നിര്‍ദ്ദിഷ്ട സ്വകാര്യവല്‍ക്കരണം. അവസാനമായി, ആവശ്യമായ പരിരക്ഷകളോടെ ഇന്‍ഷുറന്‍സിലെ വിദേശ നിക്ഷേപ പരിധി 49% ല്‍ നിന്ന് 75% ആയി വര്‍ദ്ധിപ്പിക്കുന്നത്.
മൊത്തത്തില്‍, ഈ ദശകത്തിലെ ആദ്യ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൊവിഡിന് മുമ്പുള്ള വളര്‍ച്ചാ പാതയിലേക്ക് മടങ്ങാന്‍ മാത്രമല്ല, ദശകത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിന് ഒരു സുപ്രധാന ദിശാബോധം നല്കുന്നു. ധനമന്ത്രി, താങ്കള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റി… ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്ന ഒരു ബജറ്റാണിത്.
ഡോ കെ.വി സുബ്രഹ്മണ്യന്
(കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: