കൊച്ചി: കേരളത്തിന് വലിയ പ്രാധാന്യം നല്കിയ, ഏറെ പ്രതീക്ഷ നല്‍കുന്നത് എന്ന് വിശേഷിപ്പിച്ച്, വ്യവസായ വാണിജ്യ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) കേരള ഘടകം കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്തു. ദേശീയ പാതയിലും റെയില്‍വേയിലും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ തുക വകയിരുത്തിയ ബജറ്റ് കൊച്ചി മെട്രോയ്ക്കും തുറമുഖ വികസനത്തിനും ഫിഷിങ് ഹബ്ബിനും പ്രഖ്യാപിച്ച പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വഴി തുറക്കുമെന്ന് സിഐഐ വിലയിരുത്തി. ബജറ്റ് തത്സമയം കാണാന്‍ സൗകര്യമൊരുക്കി, അംഗങ്ങളായ വിദഗ്ദ്ധര്‍ വിശകലനം മാധ്യമങ്ങളോട് പങ്കുവെച്ചു.
കാര്‍ഷിക വിഭവങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനുമുള്ള വ്യവസായ മേഖലയ്ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ലോജിസ്റ്റിക് മേഖലയിലെ പദ്ധതി കേരളത്തിന് വലിയ നേട്ടമുണ്ടാക്കുമെന്ന് വൈസ് ചെയര്മാന് ശ്രീനാഥ് വിഷ്ണു (ബ്രാഹ്മിണ്‍സ് ഫുഡ്സ്) പറഞ്ഞു. ആവശ്യമായ സമയത്ത് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ കഴിയുന്ന സംവിധാനം കാര്‍ഷിക, ഭക്ഷ്യോത്പന്ന-സംസ്കരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പോലുള്ള പ്രശ്നങ്ങളില്‍ സ്തംഭിച്ചുപോയ വാണിജ്യ-വ്യവസായ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്കുന്ന കേന്ദ്ര ബജറ്റ് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായി മാറുമെന്ന് ബജറ്റ് സ്വാഗതം ചെയ്ത് സിഐഐ ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് (മുത്തൂറ്റ് ഫിന് കോര്‍പ്) പറഞ്ഞു.
ടൂറിസം മേഖലയ്ക്ക് കാര്യമായ കിഴിവുകള്‍ നേരിട്ട് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് മുന്‍ ചെയര്മാന് ജോസ് ഡൊമിനിക് (സിജിഎച്ച് എര്‍ത്ത്) നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, വ്യോമയാന മേഖലയ്ക്ക് അനുവദിച്ച ആനുകൂല്യങ്ങളും ആരോഗ്യ രംഗത്തെ വന്‍തുകയുടെ വിഹിതവും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണെന്ന് മറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ബജറ്റിനെ സ്വാഗതം ചെയ്ത വിവേക് കൃഷ്ണ ഗോവിന്ദ് (വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്) ബജറ്റില്‍ പലരും ആശങ്കപ്പെട്ട പോലെ കൊവിഡ് ടാക്സ് ഉണ്ടായില്ലെന്നത് പ്രത്യേകം പരാമര്‍ശിച്ചു. ഒറ്റയാള്‍ കമ്പനികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും അറിഞ്ഞുകൊണ്ട് കുഴപ്പം കാണിച്ച കമ്പനികളുടെ കണക്ക് അവലോകനം ആറുവര്‍ഷം കഴിഞ്ഞേ നടത്തൂ എന്ന വ്യവസ്ഥ മൂന്നു വര്‍ഷമാക്കിയതും പ്രശംസിക്കപ്പെടേണ്ടതാണെന്നും വിവേക് പറഞ്ഞു.
തേയിലത്തോട്ടങ്ങളുടെ പുനര്‍ നവീകരണത്തിന് 475 കോടി രൂപ വകയിരുത്തിയതിനെയും കാര്‍ഷിക മേഖലയ്ക്ക് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിനേയും വെങ്കിട്ടരാമന് (ഹാരിസണ്‍ മലയാളം) സ്വാഗതം ചെയ്തു. തേയിലത്തോട്ടങ്ങളില്‍ പാര്‍പ്പിട പദ്ധതിക്ക് പ്രഖ്യാപിച്ച 100 കോടി പശ്ചിമ ബംഗാളിലേക്കും അസമിലേക്കുമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും തേയിലത്തോട്ടങ്ങളുണ്ട്. അവിടങ്ങളില്‍ ഏതെങ്കിലും പദ്ധതിയുണ്ടോ എന്ന് രേഖകള്‍ കൂടുതല്‍ പഠിച്ചാലേ അറിയൂ.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) രംഗത്ത് സ്റ്റാര്‍ട് അപ്പുകള്‍ക്ക് ഒരു വര്‍ഷം കൂടി നികുതിയിളവ് നീട്ടിയതിനെ സുജാസ് അലി (ഫആബാ സോഫ്റ്റ് ടെക്നോളജി) സ്വാഗതം ചെയ്തു. ഐടിക്ക് പ്രത്യക്ഷമായി ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിച്ചതിനേക്കാള്‍ നേട്ടം മറ്റു പദ്ധതികള്‍ വഴി കിട്ടുമെന്ന് രാജേഷ് കുമാര്‍ (ടെക്നോവാലി സോഫ്റ്റ്വേര്‍) വിശദീകരിച്ചു. ആരോഗ്യ മേഖലയിലെ പദ്ധതികള്‍ എല്ലാം ഐടി- സ്റ്റാര്ട്ടപ്മേഖലയ്ക്ക് ഗുണമാകും. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പദ്ധതികളിലെല്ലാം ഐടിയുടെ ആവശ്യം വരും. ഇതെല്ലാം വലിയ സാധ്യതകളാണ്. കേരളത്തില്‍നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്കും നൈപുണ്യം നേടിയവര്‍ക്കും നേട്ടമുണ്ടാകും, രാജേഷ് പറഞ്ഞു.
ആരോഗ്യ രംഗത്തെ ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം ഈ വര്‍ഷം 2.37 ലക്ഷം കോടിയാക്കി ഉയര്‍ത്തിയതിനെ ഡോ. ഡി. രാമനാഥന് (സീതാറാം ആയുര്‍വേദ) സ്വാഗതം ചെയ്തു. ഇതിന്റെ വലിയ നേട്ടം കേരളത്തിനുണ്ടാകും. ആരോഗ്യ മേഖലയില്‍ രോഗപ്രതിരോധത്തിനാണ് പ്രാമുഖ്യം. ഇത് ആയുര്‍വേദത്തിന്റെ അടിസ്ഥാനമാണ്. ആയുഷ് മന്ത്രാലയം ബജറ്റിലും അല്ലാതെയും വന്‍ ഗവേഷണ-നിക്ഷേപ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഔഷധ സസ്യങ്ങള്‍ വളര്‍ത്താന്‍ 4000 കോടിയുടെ പദ്ധതിയുണ്ട്. കേരളത്തിന് ഇത് നേട്ടമാക്കാം, ഡോ. രാമനാഥന് വിശദീകരിച്ചു. ഗെയില്‍ പൈപ്പ് ലൈനിനു പിന്നാലേ സിറ്റി ഗ്യാസ് പദ്ധതിയുടെ വിപുലീകരണം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നു നിര്‍മാണക്കമ്പനിക്കും മറ്റും ഇത് കേരളത്തില്‍ ഉപകാരപ്രദമാകുമെന്ന് ജോയിച്ചന്‍ എരിഞ്ചേരി പറഞ്ഞു.
ഓഹരി വില്‍പ്പന തീരുമാനവും ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപവും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ശാക്തീകരണ തീരുമാനവും ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളും കേരളത്തിനും വലിയ ഗുണം ചെയ്യുമെന്ന് എ. ബാലകൃഷ്ണന് (ജിയോജിത്) വിശദീകരിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ പദ്ധതിയായിരിക്കും സര്‍ക്കാരിന്റേത് എന്ന് കരുതിയവര്‍ക്ക്, പണം വിപണിയിലെത്തിക്കുന്ന ബജറ്റ് അവതരിപ്പിച്ചതുവഴി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് പ്രൊഫ. ബിജു വിതയത്തില്‍ (അമിറ്റി ഗ്ലോബല്‍ ബിസിനസ് സ്കൂള്‍) പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ബജറ്റ് വിഹിതം ഒരു ലക്ഷം കോടിയാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേക കമ്മീഷന് പ്രഖ്യാപിച്ചു. ടെക്സ്റ്റയില്‍ മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഉരുക്കിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചു- ഇതെല്ലാം കേരളത്തിന് വലിയ നേട്ടങ്ങളാകും, പ്രൊഫ. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: