ന്യൂദൽഹി: പാർലമെന്റിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്തുണ്ടായ ഭാവത്തെക്കുറിച്ച് പങ്കുവച്ച തമാശ കലർന്ന ട്വീറ്റ് പിൻവലിച്ച് രാജ്യത്തെ വലിയ ടിക്കറ്റിംഗ് പോർട്ടലുകളിൽ ഒന്നായ ‘ബുക്ക് മൈ ഷോ’. ബജറ്റ് പ്രസംഗത്തിനിടയിലെ രാഹുലിന്റെ മുഖഭാവത്തിന്റെ സ്ക്രീൻ ഷോട്ട് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ഓൺലൈൻ തമാശയായി മാറിയിരുന്നു.
തുടർന്നാണ് ‘ബുക്ക് മൈ ഷോ’യും ഫോളോവർമാരോട് തമാശ രൂപേണയുള്ള ചോദ്യത്തിനൊപ്പം സമാന ചിത്രം പങ്കുവച്ചത്. ‘തിങ്കളാഴ്ച രാവിലെ മുഖമുണ്ടായിരുന്നുവെങ്കിൽ, അത് എങ്ങനെയിരിക്കും’ എന്നായിരുന്നു ചോദ്യം. എന്നാൽ പിന്നീട് പോർട്ടൽ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വിവാദം ഒഴിവാക്കാനായിരിക്കുമെന്നാണ് പലരും കരുതുന്നത്. അതേസമയം ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന് ‘ബുക്ക് മൈ ഷോ’ മുതിർന്നിട്ടില്ല. പ്രചാരവേലിയായിരുന്നുവോ ഇതെന്നും പലരും ചോദിക്കുന്നുണ്ട്. എന്തായാലും ട്വീറ്റ് പിൻവലിച്ചതിൽ ‘ബുക്ക് മൈ ഷോ’യുടെ ഫോളോവർമാർ അത്ര സന്തുഷ്ടരല്ല.
കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നവരിൽനിന്നുള്ള ബഹിഷ്കരണത്തിന് ട്വീറ്റ് ഇടയാക്കുമോയെന്ന ആശങ്കയായിരിക്കാം ഇതിന് പിന്നിലെന്നാണ് ചിലരുടെ അനുമാനം. ട്വീറ്റിന് പിന്നാലെ പ്ലാറ്റ്ഫോമിന്റെ നർമബോധത്തിന് വലിയ രീതിയിൽ അഭിനന്ദനങ്ങൾ ലഭിച്ചുവെങ്കിലും ട്വീറ്റ് ഒഴിവാക്കിയത് തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: