ന്യൂഡല്‍ഹി: ആയിരത്തിലധികം കാര്‍ഷിക ഉത്പന്ന വിപണന സമിതി(എപിഎംസി)കളെ അല്ലെങ്കില്‍ ചന്തകളെ ഇ-ദേശീയ കാര്‍ഷിക വിപണി(ഇ-നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് അഥവാ ഇ-നാം)യുമായി ബന്ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം നടത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്. ചന്ത(മണ്ഡി)കളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ സജീവമായി നിലനിര്‍ത്തുന്നതായി പ്രഖ്യാപനം. വ്യവസ്ഥാപിതമായ എപിഎംസി സംവിധാനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന സന്ദേശംകൂടി കര്‍ഷക സംഘങ്ങള്‍ക്ക് നല്കാന് ആഗ്രഹിച്ചുള്ളതാണ് ധനമന്ത്രിയുടെ നടപടി.
സ്വകാര്യവ്യക്തികള്‍ക്ക് ചന്തകള്‍ തുറന്നിട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എപിഎംസികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ചില കര്‍ഷക നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ക്കിടെയാണ് ബജറ്റ് പ്രഖ്യാപനം എത്തുന്നത്. കാര്‍ഷിക വ്യാപാര രംഗത്ത് ഇലക്ട്രോണിക് വിപണന സംവിധാനം കൊണ്ടുവന്ന മത്സരത്തിന്റെയും സുതാര്യതയുടെയും വെളിച്ചത്തില്‍ ആയിരത്തിലധികം മണ്ഡികളെ ഇ-നാം സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
ഏഴായിരത്തോളം മണ്ഡികള്‍ രാജ്യത്തുണ്ട്. ഇതില്‍ ഏകദേശം അയ്യായിരം എണ്ണം ചെറുതും ഇടത്തരവുമാണ്. ബാക്കിയുള്ളവയില്‍ ചിലത് വലുതും. ഏഴായിരത്തില്‍ നിലവില്‍ ഇ-നാം പ്ലാറ്റ്ഫോമിലുള്ളത് ആയിരത്തില്‍ താഴെ ചന്തകള്‍ മാത്രം. ഇ-നാമില്നിന്ന് കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
പരമ്പരാഗത രീതിയെ ആശ്രയിച്ചാല്‍ പ്രദേശിക എപിഎംസികളില്‍ മാത്രമേ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകൂ. ഈ പരിമിതി മറികടക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സംവിധാനമാണിത്. പ്ലാറ്റ്ഫോമിന്റെ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ സംസ്ഥാനങ്ങളുടെ സഹായംകൂടി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: