Categories: Kollam

ചവറ ലഹരിമാഫിയയുടെ പിടിയില്‍

Published by

ചവറ: ചവറയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ഥികളേയും കൗമാരക്കാരേയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങളാണ് മാഫികളിലുള്ളത്.  

ലഹരിക്ക് അടിമപ്പെട്ട വിദ്യാര്‍ഥികളെ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് രീതി. ലോട്ടറി കച്ചവടക്കാരുടെയും ഐസ് കച്ചവടക്കാരുടെയും വേഷം കെട്ടിയാണ് ലഹരി വസ്തുക്കളുടെ വിപണനം നടത്തുന്നത്. നീണ്ടകരയും പരിസരവുമാണ് ലഹരിവസ്തുക്കളുടെ പ്രധാന വിപണനകേന്ദ്രം.  

ഹാര്‍ബറിനോട് ചേര്‍ന്നു കിടക്കുന്ന വിജനമായ സ്ഥലം ലഹരിമാഫിയയുടെ പിടിയിലാണ്. ചവറ പോലീസും കരുനാഗപ്പള്ളി എക്‌സൈസും നടത്തിയ പരിശോധനകളില്‍ ഇടയ്‌ക്കിടെ ആളുകളെ പിടികൂടി കേസ് എടുക്കുമെങ്കിലും ഇപ്പോഴും പ്രദേശം ലഹരിമാഫിയയുടെ പിടിയിലാണ്.  

കഞ്ചാവ് ഉപയോഗത്തെ തുടര്‍ന്ന് ബൈക്കില്‍ അമിത വേഗത്തില്‍ പോയ നിരവധി കൗമാരക്കാര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവങ്ങളും നീണ്ടകരയിലുണ്ട്. പോലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനകളില്‍ കുറച്ചുപേര്‍ പിടിയിലായതാണ്. എന്നാല്‍ ഒരു സംഘം പിടിയിലാകുമ്പോഴേക്കും അടുത്ത സംഘം രൂപപ്പെടും എന്നതാണ് പോലീസിനെ ഏറെ കുഴക്കുന്നത്.

ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ലഹരിഗുളികകള്‍ വിറ്റുവരുന്നതായും പരാതിയുണ്ട്. ഡോക്ടറുടെ കുറിപ്പോടെ മാത്രമേ ഇത്തരത്തിലുള്ള മരുന്ന് നല്‍കാവു എന്ന കര്‍ശന നിയമം നിലനില്‍ക്കെയാണ് ചില മെഡിക്കല്‍ സ്റ്റോറുകള്‍ അതെല്ലാം ലംഘിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by