പത്തനാപുരം: കടുത്ത വേദന സഹിച്ച് കാലില്‍ത്തറച്ച കമ്പുമായി മുള്ളുമല വനവാസി കോളനിയിലെ താമസക്കാരിയായ രമണിയമ്മ(80) നടന്നത് മൂന്നുമാസം. രണ്ട് തവണ എക്സറേ എടുത്തിട്ടും കാലില്‍ ഒന്നുമില്ലെന്ന് പറഞ്ഞ് പുനലൂര്‍ താലൂക്കാശുപത്രി അധികൃതര്‍ പറഞ്ഞ് വിടുകയായിരുന്നുവെന്ന് വയോധിക പറഞ്ഞു.
കഴിഞ്ഞദിവസം വ്രണമായ കാലില്‍ അമര്‍ത്തിയപ്പോഴാണ് രണ്ടര ഇഞ്ച് വലിപ്പമുള്ള കമ്പ് കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ഇവരുടെ ഇടതുപാദത്തിന് മുകളില്‍ കമ്പ് തറച്ചത്. വേദന അസഹ്യമായപ്പോള്‍ പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. ഇവിടെനിന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തതായി ബന്ധുക്കള്‍ പറയുന്നു.
മാസങ്ങളായി ആശുപത്രിയില്‍നിന്നും കൊടുത്ത മരുന്ന് മുറിവില്‍ വെച്ചുകെട്ടിയിട്ടും ഭേദമായിരുന്നില്ല. അതിനിടെയാണ് കമ്പ് കണ്ടെത്തിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതായി സാമൂഹ്യ പ്രവര്ത്തകന് സന്തോഷ് മുള്ളുമല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: