ചാരുംമൂട്: താമരക്കുളം ചത്തിയറ പുതുച്ചിറയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി ആത്മഹത്യ ചെയ്തതാകാമെന്നു പോലീസ് നിരീക്ഷണം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുരളീഭവനത്തില്‍ വിജയലക്ഷ്മി (ഉണ്ണിയാര്‍ച്ച-33)യാണ് പുതുച്ചിറയില്‍ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ന് വീട്ടില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിന് പോകുകയാണെന്നു പറഞ്ഞ് വീടുവിട്ട വിജയലക്ഷ്മിയെ പിന്നീട് കാണാതാകുകയായിരുന്നു.
വീട്ടുകാര്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും വിജയലക്ഷ്മിയുടെ ടൂവീലര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ക്ഷേത്രക്കുളത്തില്‍ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വിജയലക്ഷ്മിയുടെ ഭര്‍ത്താവ് താമരക്കുളം സ്വദേശി പ്രദീപ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.കരുനാഗപ്പള്ളി, വള്ളികുന്നം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മാലമോഷണത്തിന്റെ പേരില്‍ ഒട്ടനവധി കേസുകളുണ്ട്.വിവാഹ ശേഷമാണ് ഇയാള്‍ മോഷണക്കേസില്‍ പ്രതിയാണെന്നുള്ള വിവരം ഭാര്യ അറിയുന്നത്.തുടര്‍ന്ന് വിജയലക്ഷ്മിയും ബന്ധുക്കളും ഇയാളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയിട്ടും ഇയാള്‍ മോഷണം തുടര്‍ന്നു.
പല തവണ കര്‍ണ്ണാടക പോലീസിന്റെ വലയില്‍ അകപ്പെട്ട പ്രതി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് ബാംഗ്ലൂരില്‍ നടത്തിയ മോഷണത്തിലും കൊലപാതകത്തിലും പ്രതിയായി ഇയാള്‍ പിടിക്കപ്പെട്ടത്.ഭര്‍ത്താവ് ജയിലില്‍ ആയതിനെത്തുടര്‍ന്നാണ് ബാംഗ്ലൂരില്‍ നിന്നും രണ്ടു മക്കളേയും കൂടി വിജയലക്ഷ്മി നാട്ടിലേക്ക് പോന്നത്. മോഷണക്കേസിന്റെ തെളിവെടുപ്പിനായി കര്‍ണ്ണാടക പോലീസ് നാട്ടില്‍ എത്തുമെന്ന വിവരമറിഞ്ഞതിനെത്തുടര്ന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്നു കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: