ശേഷേശയാനം,വിഹഗേശയാനം
ധൂതാരിജാതം ശ്രിതപാരിജാതം
വാതാലയേശം, കമലാലയേശം
ശ്രീപത്മനാഭം, ഭജതാഞ്ജനാഭം
ശ്രേഷ്ഠകവി ഇരയിമ്മന്‍ തമ്പി രചിച്ച കീചകവധം ആട്ടക്കഥയിലെ ധനാശി ശ്ലോകമാണിത്. ചെറുതാണെങ്കിലും,അര്‍ത്ഥവത്തായ ശ്ലോകം. അര്‍ത്ഥം നോക്കാം:
ശേഷേ ശയാനം (ആദിശേഷനില്‍ ശയിക്കുന്നവനും)
വിഹഗേശ യാനം (വിഹഗേശന് അഥവാ ഗരുഡന് വാഹനമായിട്ടുള്ളവനും), യാനം എന്നാല്‍ വാഹനം.
ധൂതാരിജാതം (അരികളുടെ ജാതത്തെ; അരി എന്നാല്‍ ശത്രു. ശത്രുക്കളുടെ കൂട്ടത്തെ ധൂതമാക്കിയവനും, ധൂതമെന്നാല് ഭസ്മം), ശ്രിത പാരിജാതം (ശ്രിതന്മാര്ക്ക് അതായത് ആശ്രിതന്മാര്ക്ക് ആഗ്രഹിച്ചതെല്ലാം കൊടുക്കുന്ന പാരിജാതവൃക്ഷമായിട്ടുമുള്ള), വാതാലയേശം (ഗുരുവായൂരിന് ഈശനും), കമലാലയേശം (കമലയ്ക്ക് അഥവാ ലക്ഷ്മീദേവിക്ക് പതിയുമായ), അഞ്ജനാഭം ശ്രീ പത്മനാഭം (അഞ്ജനവര്‍ണ്ണനായ മഹാവിഷ്ണുവെ) ഭജത (ഭജിക്കൂ).
ആദിശേഷനില്‍ പള്ളികൊള്ളുന്നവന്‍, ഗരുഡവാഹനന്‍,ശത്രുസമൂഹത്തെയെല്ലാം ഭസ്മമാക്കിയവന്, തന്നെ ആശ്രയിക്കുന്നവര്‍ക്ക് പാരിജാതവൃക്ഷമായവന്, ഗുരുവായൂരിന് ഈശന്, ലക്ഷ്മീദേവിയുടെ ഭര്‍ത്താവ് ഇപ്രകാരമെല്ലാം വിളങ്ങുന്ന, അഞ്ജനവര്ണ്ണത്തോടു കൂടിയ മഹാവിഷ്ണുവെ (ശ്രീകൃഷ്ണന് എന്നുമാകാം) ഭജിച്ചാലും.
അര്‍ത്ഥം മനസ്സിലാക്കി പദങ്ങള്‍ മുറിച്ച് ചൊല്ലിയാല്‍,അതിമനോഹരമായ ഒരു ശ്ലോകമാണിത്. കൊച്ചുകുട്ടികള്‍ക്ക് സന്ധ്യാനാമമായി ചൊല്ലാന്‍ ഏറെ നല്ലതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: