കൊച്ചി: കെഎസ്ഇബിയിലെ ശമ്പള പരിഷ്കരണ ചര്‍ച്ചയില്‍ നിന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘിനെ ഒഴിവാക്കി. ആദ്യവട്ട ചര്‍ച്ചയിലെ ഒഴിവാക്കലിനെതിരെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഇടയില്‍ വലിയ വിയോജിപ്പും വിമര്‍ശന ചര്‍ച്ചകളുമാണ് നടക്കുന്നത്. എതിര് യൂണിയനുകളില്‍പ്പെട്ടവര്‍ക്ക് എതിരേ സ്ഥലംമാറ്റ ശിക്ഷ നടപ്പാക്കിയതില്‍ കോടതിയില്‍നിന്ന് കിട്ടിയ തിരിച്ചടികള്‍ താക്കീതാണെന്ന് ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന് റഫറണ്ടത്തിലൂടെ അംഗീകാരം നേടി ശക്തി തെളിയിച്ചതിനു പിന്നാലെയാണ് കെഎസ്ഇബിയിലും ബിഎംഎസ് യൂണിയന്റെ കരുത്തു തെളിയിക്കപ്പെടാന്‍ അവസരം ഒരുങ്ങുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഇടതുപക്ഷ രാഷ്ട്രീയ യൂണിയന് നേതാക്കള്‍തന്നെ ഇതിനുള്ള വഴിയുമൊരുക്കുന്നു. ബോര്‍ഡ് ചെയര്മാന് നിര്‍ദേശിച്ചിട്ടും ബോര്‍ഡില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വകുപ്പു മന്ത്രിയുടെ സ്റ്റാഫായി കയറിക്കൂടിയിരിക്കുന്ന ചിലരുടെ ഭരണമാണ് നടക്കുന്നത്.
അവരുടെ നിര്‍ദേശ പ്രകാരം, ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ഓഫീസേഴ്സ് സംഘ് അംഗബലം കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇപ്പോള്‍ ബോര്‍ഡിന്റെ പേഴ്സണല്‍ ഓഫീസര്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച ബോര്‍ഡിന്റെ നോട്ടീസില്‍ 1960 ലെ ഗവണ്മെന്റ് സര്‍വന്റ്സ് കോണ്‍ഡക്ട് റൂള്‍ തെറ്റായി ഉദ്ധരിച്ചിട്ടുമുണ്ട്. ഓഫീസര്‍മാരുടെ യൂണിയന് റഫറണ്ടം ഇല്ല. പിന്നെ എങ്ങനെ ഈ നിയമം ബാധകമാകുമെന്നാണ് ഓഫീസേഴ്സ് സംഘ് ഭാരവാഹികള്‍ ചോദിക്കുന്നത്.
ഈ ഉത്തരവിനെതിരേ കോടതിയില്‍ പോയാല്‍ ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ മുടങ്ങുമെന്നു മാത്രമല്ല, കെഎസ്ഇബിയിലെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ ആകെത്തന്നെ ചോദ്യം ചെയ്യപ്പെടുകയോ അവലോകനം ചെയ്യപ്പെടുകയോ ചെയ്യാം.ബോര്‍ഡിലെ ജീവനക്കാര്‍ ഇടതുപക്ഷ യൂണിയന്റെ വഴിവിട്ട പോക്കില്‍ അതൃപ്തരാണ്. പലരും അവസരം കിട്ടിയാല്‍ മറ്റ് യൂണിയനുകളിലേക്ക് മാറാന്‍ കാത്തിരിക്കുകയാണ്. എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തനങ്ങളിലും മോദി സര്‍ക്കാരിന്റെ ഊര്‍ജ രംഗത്തെ സംഭാവനകളിലും ആകൃഷ്ടരായി ഏറെപ്പേരുണ്ട്. തെരഞ്ഞെടുപ്പില്‍ അവര്‍ അവസരം കാത്തിരിക്കുകയാണെന്നാണ് സൂചനകള്‍. ഇന്ന് കെഎസ്ഇബി ഓഫീസേഴ്സ് സംഘിന്റെ രണ്ടാം സ്റ്റേറ്റ് കോണ്‍ഫ്രന്‍സ് തിരുവനന്തപുരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: