ലക്നൗ: ‘ദി വയര്‍’ വാര്‍ത്താ വെബ്സൈറ്റിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ കേസ് എടുത്ത് യുപി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഇടനിലക്കാര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ നവ്രീത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിന് എതിരെയാണ് പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ രാംപൂര്‍ ജില്ലയിലാണ് കേസ്. ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് നവ്രീത് സംഗ് മരിച്ചതെന്ന് ദല്‍ഹി പൊലീസ് അറിയിച്ചിരുന്നു.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. എന്നാല്‍ പൊലീസ് നടത്തിയ വെടിവയ്പിലാണ് ട്രാക്ടറിന്റെ നിയന്ത്രണം വിട്ടതെന്നാണ് സമരക്കാരും കടുംബവും ആരോപിക്കുന്നത്. കുടുംബത്തിന്റെ ആരോപണം സംബന്ധിച്ചുള്ള വയറിന്റെ വാര്‍ത്ത ശനിയാഴ്ച വരദരാജന് ട്വീറ്റ് ചെയ്യുകയായിരുന്നു.
‘വെടിയേറ്റാണ് പരിക്ക് പറ്റിയതെന്നും തന്റെ കൈകള്‍ ബന്ധിച്ചിരിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളിയായ ഡോക്ടര്‍ തന്നോട് പറഞ്ഞു’വെന്ന നവ്രീത് സംഗിന്റെ മുത്തച്ഛന്റെ പ്രതികരണവും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു. രാംപൂര്‍ സ്വദേശിയായ സഞ്ജു തുരഹയുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 153ബി, 505(2) എന്നീ വകുപ്പുകളാണ് സിദ്ധാര്‍ഥ് വരദരാജനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ ട്വീറ്റും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: