ന്യൂദല്‍ഹി : ഇസ്രയേല്‍ എംബസ്സിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ജെയ്ഷ്- ഉല്- ഹിന്ദിനെതിരെ ദല്‍ഹി പോലസ് അന്വേഷണം ശക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ്- ഉല്- ഹിന്ദ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ശ്ശനമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരിക്കുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണിത്. സ്ഫോടനത്തില്‍ ആഭിമാനമുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ അള്ളാഹുവിന്റെ സൈന്യം വീണ്ടും സ്ഫോടനം നടത്തുമെന്നും ജെയ്ഷ് ഉല് ഹിന്ദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അറിയിച്ചിരുന്നു. ടെലഗ്രാമിലൂടെയാണ് ഈ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
സന്ദേശത്തിന്റ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ദല്‍ഹി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റേയും ശ്രദ്ധയില്‍ ഇത് പെടുന്നത്. സന്ദേശം പുറത്തുവന്ന ടെലഗ്രാം പേജിന്റെ വിവരങ്ങളും സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷിക്കുകയാണെന്ന് ദല്‍ഹി പോലീസ് സൈബര്‍ സെല്‍ അറിയിച്ചു. സ്ഫോടനത്തില്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ ദല്‍ഹിയിലെത്തിയ ഇറാന് സ്വദേശികളുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ശനിയാഴ്ച ഇറാനില്‍ നിന്നുള്ള ചിലരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല് ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎന്‍ എന്നറിയപ്പെടുന്ന സ്ഫോടക വസ്തുവാണെന്ന് കണ്ടെത്തി. ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണിത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഒമ്പത് വാട്ടിന്റെ ബാറ്ററിയും കണ്ടെടുത്തിട്ടുണ്ട്.
അതിനിടെ പാരീസിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ നിന്ന് സ്ഫോടക വസ്തു കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹമായി കണ്ട കാറും മുമ്പ് നടന്ന അക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ഇസ്രായേലി അംബാസിഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട് സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുള്ളില്‍ ഉള്ളത്.ആക്രമണത്തിന് പിന്നില്‍ ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: