കേരളത്തില്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ സജീവമാണ്. മാറിയും മറിഞ്ഞും മുന്നണി നേതാക്കള്‍ സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങുകയാണ്. സഭാതലപ്പത്തും എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളെ കണ്ടും താണുവണങ്ങുകയാണ്. അതിനിടയിലാണ് വിവാദങ്ങളുടെ പൂത്തിരി ഉയരുന്നത്. മുസ്ലീംലീഗിനെ സിപിഎം വര്‍ഗീയ പാര്‍ട്ടിയായി ആക്ഷേപിക്കാമോ എന്ന് കോണ്‍ഗ്രസിന്റെ സകലമാനനേതാക്കളും. മുസ്ലീംലീഗ് തനി മതേതര ഐറ്റമാണെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമെല്ലാം. ഇങ്ങിനെയൊക്കെ ലീഗിനേയും പാണക്കാട് തറവാടിനേയുമെല്ലാം പറയാമോ എന്ന് കോണ്‍ഗ്രസും ലീഗ് നേതാക്കളും. ഇത് സിപിഎമ്മിന്റെ വര്‍ഗീയ അജണ്ടയെന്നും ആക്ഷേപം.
രാജ്യത്തെ വെട്ടിമുറിച്ച് മതാധിഷ്ഠിത രാജ്യം സ്ഥാപിക്കാന്‍ പ്രയത്‌നിച്ച പ്രസ്ഥാനമാണ് മുസ്ലീംലീഗ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ”പത്തണേന്റെ കത്തിവാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍” എന്ന് കോഴിക്കോട് അങ്ങാടിയില്‍ പോലും മുദ്രാവാക്യം മുഴങ്ങിയിരുന്നല്ലോ. അതിനുശേഷം മുസ്ലീംലീഗിനെ ചത്തകുതിര എന്ന് ആക്ഷേപിച്ചത് ആരാണ്? കോണ്‍ഗ്രസുകാരുടെ തലതൊട്ടപ്പനായ ജവഹര്‍ലാല്‍ നെഹ്‌റു. അതേ നെഹ്‌റുവിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസാണ് മുസ്ലീം ലീഗിനെ കേരളത്തില്‍ പടക്കുതിരയാക്കിയത്. ആദ്യം സ്പീക്കറായി ലീഗിന് മാന്യത നല്‍കി. ഒടുവില്‍ മുഖ്യമന്ത്രിയുമാക്കി. അന്നാണ് സിപിഎം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയത്. ഇത് ആപത്താണ്. ലീഗിനെ നിങ്ങള്‍ കൂട്ടുപിടിക്കരുത്. അവരെ ഒഴിവാക്കണം. ഇഎംഎസ് നമ്പൂതിരിപ്പാട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്ത് നല്‍കി. ഒടുവിലെന്തായി? കോണ്‍ഗ്രസിനെ വിട്ടുവന്നാല്‍ ലീഗുമായി സഖ്യമാകാമെന്ന് ഇഎംഎസ് ലീഗിന് ഉറപ്പുനല്‍കി. 1967 ല്‍ ലീഗിനെ ആദ്യമായി കേരളത്തില്‍ മന്ത്രിസഭയിലെടുത്തത് ഇഎംഎസാണ്. ലീഗിന്റെ എല്ലാ ആവശ്യങ്ങളും ഇഎംഎസ് അംഗീകരിച്ചു. കുട്ടിപാകിസ്ഥാനായി മലപ്പുറം ജില്ല അംഗീകരിച്ചുനല്‍കി. ജില്ല കിട്ടിയതോടെ സിപിഎം മന്ത്രിസഭയോട് ലീഗ് ഗുഡ്‌ബൈ പറഞ്ഞു. പിന്നെ കോണ്‍ഗ്രസിനും സിപിഐയ്‌ക്കും ഒപ്പമായി.
വര്‍ഗീയ വിഘടനവാദത്തോടൊപ്പമാണ് മുസ്ലീംലീഗും സിപിഎമ്മും കോണ്‍ഗ്രസും. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ഈ പാര്‍ട്ടികളെല്ലാം. അവരാണിപ്പോള്‍ വര്‍ഗീയ മതേതര നിലപാടുകളെ ചൊല്ലി വിവാദം സംഘടിപ്പിക്കുന്നത്. മകന്‍ ചത്താലും മരുമകളുടെ കണ്ണീര് കാണാന്‍ കൊതിക്കുന്ന നിലപാടാണവര്‍ക്ക്.
സിപിഎമ്മും ബിജെപിയും രഹസ്യ ധാരണയെന്നാണ് കോണ്‍ഗ്രസുകാരുടെ ആവലാതി. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കുന്നു. അതാണ് വലിയ വിപത്ത്. ഒന്ന് പ്ലേഗാണെങ്കില്‍ മറ്റൊന്ന് കുഷ്ഠമാണെന്നാണ് ബിജെപിയും രാജ്യസ്‌നേഹികളാകമാനവും വിലയിരുത്തുന്നത്. രണ്ടും സമൂഹത്തിനും രാജ്യത്തിനും വിപത്തുണ്ടാക്കുന്നു. കോണ്‍ഗ്രസായാലും കമ്യൂണിസ്റ്റായാലും ഒരുപോലെ വിപത്താണ്. അതാണ് കര്‍ഷക സമരമെന്ന പേരില്‍ നടക്കുന്ന കലാപത്തില്‍ പ്രകടമാകുന്നത്.
വൈദേശിക ആധിപത്യത്തില്‍ നിലനിന്ന ജനദ്രോഹ നിയമങ്ങള്‍ പലതും നരേന്ദ്രമോദി സര്‍ക്കാര്‍ പരിഷ്‌ക്കരിക്കുന്നു. നൂറുകണക്കിന് നിയമങ്ങള്‍ ഇങ്ങിനെ രാജ്യതാല്പര്യത്തിന് അനുസരണമായി മാറ്റിക്കഴിഞ്ഞു. വിദേശാധിപത്യത്തിന്റെ നുകത്തില്‍ നിന്നും തലയും കഴുത്തും മോചിപ്പിക്കാന്‍ താല്പര്യപ്പെടാത്ത കോണ്‍ഗ്രസ് പഴയനിയമങ്ങളെ തൊടാന്‍ താല്പര്യപ്പെട്ടില്ല. നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാറും പ്രത്യേക ജനുസ്സാണ്. രാജ്യത്തെ കര്‍ഷകരെ മോചിപ്പിക്കാനും നിയമത്തെ പരിഷ്‌കരിക്കാനും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനും കാര്‍ഷിക മേഖലയിലെ ഇടത്തട്ടുകാരെ അകറ്റി നിര്‍ത്താനും നിശ്ചയിച്ചു. അതിനായാണ് പുതിയ നിയമം പാസാക്കിയത്. പക്ഷേ അത് ഇടത്തട്ടുകാരെ പ്രകോപിപ്പിച്ചു. അസഹിഷ്ണുത മാത്രമുള്ള രാഷ്‌ട്രീയക്കാരും വിഘടനവാദികളും നിയമവിരുദ്ധ പ്രക്ഷോഭത്തിന് അവസരമൊരുക്കി. കര്‍ഷകരുടെ പേരിലാകുമ്പോള്‍ അതിനൊരു വാര്‍ത്താ പ്രാധാന്യമുണ്ട്. അത് മുതലെടുത്തുള്ള സമരമാണ് രണ്ടുമാസമായി നടത്തിപ്പോന്നത്.
റിപ്പബ്ലിക് ദിനത്തില്‍ സമരക്കാര്‍ ദല്‍ഹിയിലേക്കാണ് വച്ചുപിടിച്ചത്. ട്രാക്ടര്‍ റാലി. ബഹുകേമം. ആരാണ് ട്രാക്ടര്‍ റാലിക്കാരെന്നറിയേണ്ടെ? കെ.കെ. രാഗേഷ് എം.പി. കണ്ണൂര്‍ക്കാരന്‍. ആനി എന്ന പേരിലറിയപ്പെടുന്ന സിപിഐ നേതാവ് രാജയുടെ ഭാര്യ. വയനാട്ടിലെ മുന്‍ എംഎല്‍എ കൃഷ്ണപ്രസാദ്. പിന്നെ പഞ്ചാബിലെ കോണ്‍ഗ്രസുകാരായ സിഖുകാര്‍. എല്ലാവരേയും പിരികേറ്റി ഇറക്കിവിട്ടു. പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും സിപിഎം നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി. 2000 കേന്ദ്രം എന്നൊക്കെ തട്ടിമൂളിച്ചെങ്കിലും 20 കേന്ദ്രങ്ങളില്‍ പോലും ട്രാക്ടര്‍ റാലി നടന്നില്ല.
എപ്പോഴാണപ്പോ സിപിഎമ്മിന് ട്രാക്ടര്‍ പ്രേമം പൊട്ടിമുളച്ചത്? കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാക്ടറുകള്‍ കത്തിച്ച പാര്‍ട്ടിയാണ് സിപിഎം. കംപ്യൂട്ടറുകള്‍ക്കും ട്രാക്ടറുകള്‍ക്കും എതിരെ പ്രക്ഷോഭം നടത്തിയ കക്ഷിയാണിത്. കാര്‍ഷിക പാടങ്ങളില്‍ കൊടുവാളുമായി ഇറങ്ങി വെട്ടിനിരത്തല്‍ സമരം നടത്തിയ കക്ഷിയും ഇതുതന്നെ. പഞ്ചാബികളാണ് ഇപ്പോഴത്തെ സമരത്തിന്റെ മുന്നിലുള്ളത്. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദികള്‍ വിഘടനവാദികളെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ഇന്ദിരാഗാന്ധിയുടെ നിഷ്ഠൂരമായ വധത്തിലേക്ക് എത്തിച്ചത് ഖാലിസ്ഥാന്‍ വാദികളാണ്. അവരെയാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്.
കേരളത്തിലും പഞ്ചാബ് മോഡല്‍ സമരം വേണമെന്നഭിപ്രായപ്പെട്ട ഒരു നേതാവുണ്ട്. അയാള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഒടുവില്‍ ആര്‍. ബാലകൃഷ്ണപിള്ള എന്ന മന്ത്രിക്ക് പദവി ഒഴിയേണ്ടിവന്നു. ആ നേതാവ് ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഉറ്റമിത്രമാണ്. കാബിനറ്റ് പദവിയും പണവും നല്‍കി ഒരാവശ്യവുമില്ലാതെ സിപിഎം അയാളെ സംരക്ഷിക്കുകയാണ്. അവസരവാദത്തിന്റെയും അവിശുദ്ധ സഖ്യത്തിന്റെയും വക്താവും പ്രയോക്താക്കളുമായി മാറിയ പാര്‍ട്ടിയാണ് കര്‍ഷകരുടെ പേരില്‍ ഇവിടെ വിയര്‍പ്പൊഴുക്കുന്നത്.
രാഷ്‌ട്രപതി ലോക്‌സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോള്‍ ഇടതും വലതും പാര്‍ട്ടികള്‍ സഭയില്‍ വന്നില്ല. ഇവര്‍ ആവശ്യപ്പെട്ടതാണ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ സ്വാമി നാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത്. കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അതിനായി നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ അതിനെതിരെ പ്രക്ഷോഭം. ഇതെന്ത് രാഷ്‌ട്രീയം?
രാഹുല്‍ എന്ന കോണ്‍ഗ്രസ് നേതാവ് ദല്‍ഹിയില്‍ സമരം രൂക്ഷമായപ്പോള്‍ കേരളത്തിലാണ്. കന്യാസ്ത്രീയെ കെട്ടിപ്പിടിച്ച് വയനാട്ടില്‍ സംതൃപ്തി അടയുന്ന രാഹുല്‍ രാഷ്‌ട്രീയക്കാരനാണോ? പൊതുപ്രവര്‍ത്തകനാണോ? ജനം ചോദിക്കുന്നത് അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: