ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന് പൗരന്മാരെ സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യുന്നു. എംബസിക്ക് അടുത്ത് താമസിക്കുന്ന ഇറാന് പൗരന്മാരെയാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ചോദ്യം ചെയ്യുന്നത്. ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ദല്‍ഹിയില്‍ തന്നെ താമസിച്ചുവരികയായിരുന്നുവെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ഫോടനത്തിന് ഇറാനുമായി ബന്ധമുണ്ടെന്നുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്ത് എന്ന് അംഭിസംബോധന ചെയ്തിട്ടുള്ളതാണ് ഈ കത്ത്. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതോടെ ഇറാനിയന്‍ സംഘടനകള്‍ക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടി. കത്ത് ഇറാന് ഭീകരബന്ധമുള്ളവരുടേതാണെന്നും സംശയിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളുടെ എബസികളടക്കം പ്രവര്‍ത്തിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ നടന്ന ഇത്തരത്തിലുള്ള സ്ഫോടനത്തെ അതീവ ഗൗരവമായാണ് എടുക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേ സമയം ഇന്നലെ നടന്ന സ്ഫോടനത്തിന്റെ പിന്നില്‍ ലഷ്കര്‍ ഇ തായ്ബ , ജയ്ഷെ ഇ മുഹമ്മദ് എന്നീ സംഘടനകളുടെ കൈകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ശീതളപാനിയ കുപ്പിയില്‍ സ്ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. റോഡില്‍ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഐഇഡി മണ്ണിലേക്ക് താഴ്ത്തിവെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ജനുവരി 29 തന്നെ സ്ഫോടനം നടത്തിയതിനും പ്രത്യേകതയുണ്ട്. ജനുവരി 29 ന് ഇന്ത്യ- ഇസ്രായേല്‍ നയതന്ത്ര സൗഹൃദത്തിന്റെ 29 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈമാറിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് അടുത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളാപായമില്ല. അന്വേഷണത്തിന്റെ ഭാഗമായി സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന് ലഭിച്ച തെളിവുകള്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് കൈമാറിയിട്ടുണ്ട്. ഇറാന്റെ ഭീഷണികൂടി നിലനില്‍ക്കുന്നതിനാല്‍ മൊസാദിന്റെ പ്രത്യേക സംഘം ദല്‍ഹിയില്‍ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: