കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ കോടതി ഫിബ്രവരി എട്ട് വരെ നിര്‍ത്തിവച്ചു.
ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ വ്യാഴാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചതായിരുന്നു. അത് നടന്നില്ല. ഫെബ്രുവരി രണ്ടിന് സംവിധായകന് നാദിര്‍ഷയുടെ വിസ്താരവും നടക്കില്ലെന്ന് ഉറപ്പായി.
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് കൊറോണ രോഗം ബാധിച്ച സാഹചര്യത്തിലാണിത്. അടുത്ത മാസം എട്ട് വരെയാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് കൊറോണ രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം വിചാരണ കോടതി അംഗീകരിച്ചു.
അഭിഭാഷകന്റെ ഓഫീസിലുള്ളവരെല്ലാം ക്വാറന്റൈനിലാണ്. നിലവില്‍ ഷെഡ്യൂള്‍ ചെയ്ത സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവച്ചു.
അതിനിടെ, കേസില്‍ മാപ്പ് സാക്ഷിയായ പത്താം പ്രതി വിപിന്‍ ലാല്‍ വിചാരണക്കോടതിയില്‍ നേരിട്ടെത്തി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി. 50,000 രൂപയുടെ ബോണ്ടും തുല്ല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കിയാണ് വിപിന്‍ലാല്‍ എറണാകുളം അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. നേരത്തെ, വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ വിചാരണക്കോടതി വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാല്‍ വിപിന്‍ലാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചു. വീണ്ടും ജയിലില്‍ കിടന്നാല്‍ പ്രതികള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് തന്നെ അവരുടെ ഭാഗത്തേക്ക് മാറ്റുമെന്ന ഭയം വിപിന്‍ലാലിനുണ്ടായിരുന്നു. വിപിന്‍ലാലിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിപിന്‍ലാലിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് പ്രകാരമാണ് വിപിന്‍ലാല്‍ വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയത്.
കോട്ടയം സ്വദേശിയായ ഇയാള്‍ നിലവില്‍ കാസര്‍കോട്ടെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയെത്തി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ നേരത്തെ പറഞ്ഞിരുന്നു.
പ്രതികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് മേലെ സമ്മര്‍ദ്ദമുണ്ടെന്നും കാണിച്ച് നേരത്തെ തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിപിന്‍ലാല്‍ നേരത്തെ ബേക്കല്‍ പൊലീസിനെ സമീപിച്ചിരുന്നു. വിപിന്‍ലാലിനെ സ്വാധീനിക്കുക എളുപ്പമല്ലെന്ന് മനസ്സിലായ ശേഷം നടന് ദിലീപ് വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ദിലീപിന് അനുകൂലമായ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ നടന് ഗണേഷ്കുമാറിന്റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ കോട്ടത്തല വിപിന്‍ലാലിന്റെ നാടായ കാസര്‍കോഡ് എത്തി ഭീഷണി മുഴക്കിയിരുന്നു. പ്രദീപ് കോട്ടത്തല അന്ന് ദിലീപിന്റെ അഭിഭാഷകന്റെ ക്ലാര്‍ക്കാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. 2020 ജനവരി 23നാണ് വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ പ്രദീപ്കുമാര്‍ ബേക്കലില്‍ എത്തിയത്. വിപിന്‍ലാലിന്റെ അമ്മാവന് ജോലിചെയ്യുന്ന ആഭരണക്കടയില്‍ എത്തിയിരുന്നു. ജ്വല്ലറി കടയിലെ സിസിടിവി ദൃശ്യങ്ങള്‍െ വെച്ചാണ് പ്രദീപ്കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തത്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഈ വീഡിയോ പുറത്തുവിട്ടത്.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍ കിടന്ന ജയിലില്‍ അന്തേവാസിയായിരുന്നു വിപിന്‍ലാല്‍. നടിയെ ആക്രമിച്ചതിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ലാലാണ്. തുടര്‍ന്ന് കത്തെഴുതാന്‍ സഹായി്ച്ച വിപിന്‍ലാലിനെ പ്രതിയാക്കിയെങ്കിലും അദ്ദേഹം മാപ്പ് സാക്ഷിയായി പുറത്തിറങ്ങി. മാപ്പ് സാക്ഷിയായതിന്റെ പേരില്‍ കോടതിയില്‍ നടന് ദിലീപിനെതിരെ വിപിന്‍ലാല്‍ അന്ന് മൊഴി നല്‍കിയിരുന്നു.
ഇതിനിടെ വിഷ്ണു എന്ന മറ്റൊരു പ്രതികൂടി ദിലീപിനെതിരെ മൊഴിനല്‍കാന്‍ തയ്യാറായി അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ നല്കിയ കേസിലാണ് വിഷ്ണു പ്രതിയായത്. ഈ മൊബൈല്‍ ഉപയോഗിച്ചാണ് പള്‍സര്‍ സുനി നടന് നാദിര്‍ഷായെ വിളിച്ചതെന്ന് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടി ഭാമ, നടന് സിദ്ധിഖ് , ഇടവേള ബാബു,ബിന്ദുപണിക്കര്‍ തുടങ്ങി പ്രൊസിക്യൂഷന് വിഭാഗം സാക്ഷികളായ ഒട്ടേറെപ്പോര്‍ ദിലീപിന് അനുകൂലമായി കൂറുമാറിയിരുന്നു. ദിലീപിനെതിരായ മൊഴിയാണ് ഇവര്‍ മാറ്റിപ്പറഞ്ഞത്.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: