തൃശൂര്‍: കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ പൊതുസ്ഥലങ്ങളിലെ നിരീക്ഷണ ചുമതല വീണ്ടും പോലീസിലേക്ക്. രോഗ വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി പോലീസ് രംഗത്തെത്തി. പൊതു സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് സേനയുടെ ഇടപെടല്‍. ജില്ലയില്‍ വ്യാപകമായി ഇന്നലെ രാവിലെ മുതല്‍ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പോലീസ് സ്ക്വാഡായി തിരിഞ്ഞ് ബോധവല്‍ക്കരണം നടത്തി. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിച്ചു.
കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് വ്യക്തമാക്കി. കടകളില്‍ സാനിറ്റൈസര്‍ സജ്ജമാക്കാത്ത ഉടമകള്‍ക്ക് പോലീസ് ആദ്യഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പ് നല്കി. ബസുകളില്‍ കയറി സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന പാലിക്കാന്‍ ജീവനക്കാരോടും യാത്രക്കാരോടും നിര്‍ദ്ദേശിച്ചു. മാസ്ക് ധരിക്കാതെ നടക്കുന്നവരെ ഉപദേശം നല്കി വിട്ടയച്ചു. തൃശൂര്‍ നഗരത്തില്‍ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പോലീസ് സംഘം പരിശോധിച്ചു. എസിപി വി.കെ രാജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോധവല്‍ക്കരണം ഇന്നും തുടരും. നിരീക്ഷണത്തിന്റെ അടുത്തഘട്ടമായി നാളെ മുതല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കും. ഉടമകള്‍ക്കെതിരെ കേസെടുക്കും. വ്യക്തികളില്‍ നിന്ന് പിഴയും ഈടാക്കും. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് നിരീക്ഷണത്തില്‍ പോലീസ് പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഫെബ്രു. 10 വരെ പരിശോധന തുടരും. ഹൈവെ പട്രോള്‍, കണ്ട്രോള് റൂം വാഹനങ്ങള്‍, മറ്റു പോലീസ് വാഹനങ്ങള്‍ എന്നിവയും നിരീക്ഷണത്തിനായി രംഗത്തുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: