തൃശൂര്‍: നഗരത്തിന്റെ കളിമുറ്റമായ സ്വരാജ് റൗണ്ടിലെ നെഹ്‌റു പാര്‍ക്ക് കൂടുതല്‍ മോടിയോടെ കുട്ടികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നു. പാര്‍ക്കിലെത്തുന്ന കുട്ടികളെ ഇനി വരവേല്‍ക്കുന്നത് സംഗീതം പൊഴിക്കുന്ന ജലധാര. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാര്‍ക്കില്‍ മ്യൂസിക് ഫൗണ്ടേഷൻ സജ്ജമാക്കുന്നത്. രാത്രിയില്‍ വിവിധ നിറങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഗീതജലധാര കുട്ടികള്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവമാകും.
നിര്‍മ്മാണം പൂര്‍ത്തിയായ മ്യൂസിക് ഫൗണ്ടേഷന്റെ ഡെമോണ്‍സ്‌ട്രേഷന്‍ ഇന്നലെ വൈകീട്ട് മേയര്‍ എം.കെ വര്‍ഗീസ് നിര്‍വ്വഹിച്ചു. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. പുതിയ കളിയുപകരണങ്ങള്‍ക്ക് പുറമേ സൈക്കിള്‍ വാക്കിങ് ട്രാക്ക്, ഓപ്പണ്‍ ജിംനേഷ്യം, നടപ്പാത, പുല്‍ത്തകിടി, ശൗചാലയം, സോളാര്‍ പാനല്‍ എന്നിവ പദ്ധതി പ്രകാരം നേരത്തെ പാര്‍ക്കില്‍ സജ്ജമാക്കിയിരുന്നു.
വര്‍ഷങ്ങളായി അവഗണനയിലായിരുന്ന നെഹ്‌റു പാര്‍ക്കിന് അമൃത് പദ്ധതിയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് പുനര്‍ജന്മമേകിയത്.കോര്‍പ്പറേഷന് കീഴിലുള്ള പാര്‍ക്കിന്റെ ശാപമായിരുന്നു പൊട്ടിപ്പൊളിഞ്ഞ കളിയുപകരണങ്ങള്‍. കേടുവന്ന കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് നടത്താത്ത അധികൃതരുടെ നടപടിക്കെതിരെ പലപ്പോഴും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.
കളിയുപകരണങ്ങളും ഊഞ്ഞാലും ഇരിപ്പിടങ്ങളുമൊക്കെ ദ്രവിച്ച് അപകടകരമായ അവസ്ഥയിലായിട്ടും കോര്‍പ്പറേഷന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല.കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങളിലിരുന്ന് കളിക്കുന്നതിനിടെ അപടകങ്ങളുണ്ടായി നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംരക്ഷണമില്ലാത്ത മരങ്ങളും മാലിന്യവുമൊക്കെ പാര്‍ക്കിന് ദുഷ്‌പേരിനിടയാക്കി. ആറേക്കര്‍ വരുന്ന പാര്‍ക്കില്‍ മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കാന്‍ കോര്‍പ്പറേഷന്‍ മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും കാര്യമായ ഇടപെടല്‍ നടത്തിരുന്നില്ല.
നഗരവാസികളുടെയും വിവിധ സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് ചുരുക്കം ചില മിനുക്കുപണികള്‍ മാത്രമേ കോര്‍പ്പറേഷന്‍ പാര്‍ക്കില്‍ മുമ്പ് നടത്തിയിട്ടുള്ളൂ. അമൃത് പദ്ധതി പ്രകാരം അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയതിനാല്‍ പാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളോടെ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ കുട്ടികള്‍ക്കായി 1959-ല്‍ ആരംഭിച്ച പാര്‍ക്ക് രാഷ്‌ട്രപതിയായിരുന്ന എസ്.രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: