പാലക്കാട്: ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം ഇടതു മുന്നണിയും മൂന്നെണ്ണം യുഡിഎഫുമാണ് നേടിയത്. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനും മന്ത്രിമാരായ എ.കെ. ബാലനും കെ. കൃഷ്ണന്‍കുട്ടിയും ജില്ലയെ പ്രതിനിധീകരിക്കുന്നു.
ഇടതുമുന്നണിയുടെ കുത്തകയായിരുന്ന തൃത്താലയും പാലക്കാടും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ച പട്ടാമ്പിയും നാല് തവണ വിജയിച്ച ചിറ്റൂരും എല്‍ഡിഎഫ് നേടി. നാല് തവണയായി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.കെ. ബാലന് ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഉണ്ടാവുമോയെന്ന് പറയാനാവില്ല. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എ ആയവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഎമ്മിന്റെ നയത്തില്‍ ബാലന് ഇളവു നല്‍കുകയായിരുന്നു. വി.എസ്. അച്യുതാനന്ദന് മലമ്പുഴയിലും കെ. അച്യുതന് ചിറ്റൂരിലും ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. കോങ്ങാട് എംഎല്‍എയായിരുന്ന കെ.വി. വിജയദാസ് അന്തരിച്ചതിനാല്‍ ഇവിടെ പുതുമുഖമായിരിക്കും. നാല് തവണ തുടര്‍ച്ചയായി വിജയിച്ച അച്യുതന് രാഷ്ട്രീയ രംഗത്ത് കിതച്ചു നില്ക്കുന്ന അവസ്ഥയിലാണ്.
അതുപോലെ രണ്ട് തവണ വിജയിച്ച മണ്ണാര്‍ക്കാട്ടെ ലീഗിന്റെ എംഎല്‍എ എന്‍. ഷംസുദ്ദീന് മലപ്പുറത്തേക്ക് കളം മാറുമെന്ന് പറയപ്പെടുന്നു. ഇത്തവണ അവിടെ പുതുമുഖത്തെ നിര്‍ത്താനാണ് ലീഗ് ആലോചിക്കുന്നത്. അതോടൊപ്പം പട്ടാമ്പി മണ്ഡലവും അവര്‍ ആവശ്യപ്പെടും. 2016ലും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. യുഡിഎഫിലെ ഘടകകക്ഷികളില്‍ ലീഗ് മാത്രമാണ് മത്സരിച്ചതും വിജയിച്ചതും. ഇടതുമുന്നണിയാലാവട്ടെ സിപിഐ പട്ടാമ്പിയിലും ജനതാദള്‍ ചിറ്റൂരിലും വിജയിച്ചു. മലമ്പുഴയിലും കോങ്ങാടും സിപിഎമ്മിന്റെ പുതുമുഖങ്ങള്‍ മത്സരിക്കും. മുന്‍ എംപിമാരായ എം.ബി. രാജേഷ്, എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലങ്ങളിലേക്ക് ഉയരുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി പാലക്കാട്, മലമ്പുഴ, നെന്മാറ മണ്ഡലങ്ങളില്‍ വന്‍ വിജയം നേടിയത് പാര്‍ട്ടിപ്രവര്‍ത്തകരില്‍ ആവേശം ഉളവാക്കിയിട്ടുണ്ട്.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: