ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് ദല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് നടന് ദീപ് സിദ്ദു. കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അക്രമത്തിന് കാരണം ദീപ് സിദ്ദുവാണെന്ന് ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒളിവില്‍ കഴിയുന്ന ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ കര്‍ഷകനേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിവാദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
താന്‍ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കര്‍ഷകനേതാക്കളില്‍ പലരും ഒളിക്കാന്‍ പാടുപെടുമെന്നും സിദ്ദു പറഞ്ഞു. അക്രമസംഭവത്തിന് ശേഷം ഒളിവില്‍ പോയതാണ് സിദ്ദു. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ട് ഒളിവിലാണ്.
‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് കര്‍ഷകനേതാക്കളുടെ നിര്‍ദേശപ്രകാരം മാത്രമാണ്. അവര്‍ എല്ലാവരും നിങ്ങളുടെ(കര്‍ഷകനേതാക്കളുടെ) വാക്കുകള്‍ മാത്രമാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തത്. എങ്ങിനെയാണ് ലക്ഷക്കണക്കിനാളുകളെ എനിക്ക് നിയന്ത്രിക്കാനാവകു. അവരുടെ നേതാക്കളായ നിങ്ങളെ (കര്‍ഷകസംഘടനാ നേതാക്കളെ) മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും,’ ദീപ് സിദ്ദു വീഡിയോയില്‍ പറയുന്നു.
താന്‍ സിംഘു അതിര്‍ത്തിയില്‍ തന്നെയുണ്ടെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വീഡിയോയില്‍ താരം പറയുന്നു. ‘കര്‍ഷകസമരത്തില്‍ ദീപി സിദ്ദുവിന്റെ സംഭാവന പൂജ്യമാണെന്ന് പറയുന്ന നിങ്ങള്‍ എങ്ങിനെയാണ് സിദ്ദു ലക്ഷക്കണക്കിന് പേരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് പറയുക. എന്നെ നിങ്ങള്‍ രാജ്യദ്രോഹിയായി മുദ്രകുത്തുന്നുവെങ്കില്‍ നിങ്ങള്‍ എല്ലാവരും ദേശദ്രോഹികളാണ്,’ സിദ്ദു കര്‍ഷകനേതാക്കള്‍ക്ക് നേരെ ആഞ്ഞടിക്കുന്നു.
കര്‍ഷക നേതാക്കള്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവര്‍ തന്റെ തലയില്‍ കെട്ടിവെക്കുകയാണെന്നും ദീപ് സിദ്ദു പറഞ്ഞു. അതേ സമയം ദല്‍ഹി പൊലീസ് സിദ്ദുവിന് വേണ്ടി തിരച്ചില്‍ ശക്തമാക്കി. ചെങ്കോട്ടയില്‍ അക്രമം നടത്തിയതിന് സിദ്ദുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: