തൃശൂര്‍: നഗരത്തില്‍ അമിതവേഗത്തില്‍ ‘ന്യൂജെന്‍ ബൈക്കുകളില്‍ ചെത്തുന്നവര്‍ ശ്രദ്ധിക്കുക. റോഡ് സുരക്ഷ കണക്കിലെടുക്കാതെ ചീറിപ്പായുന്ന ‘ന്യൂജെന്‍’ ബൈക്കുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ലക്ഷങ്ങള്‍ വിലയുള്ള ‘സൂപ്പര്‍ ബൈക്കുകള്‍’ നിരത്തുകളിലെ താരമാണിപ്പോള്‍. ജീവനെടുക്കുന്ന താരമായി ഈ ബൈക്കുകള്‍ മാറുന്നുവെന്ന് ആക്ഷേപമുള്ളപ്പോഴും ഇത്തരം ബൈക്കുകള്‍ റോഡുകളിലൂടെ കുതിച്ചു പായുകയാണ്.
സൂപ്പര്‍ ബൈക്കുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പോലീസിനോ, മോട്ടോര്‍ വാഹന വകുപ്പിനോ ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. റോഡ് സുരക്ഷ ഉറപ്പാക്കാതെയുള്ള ‘ന്യൂജെ’ന്റെ യാത്രകള്‍ കാരണം നിരവധി അപകടങ്ങളുïായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
സിസി കൂടുതലുള്ള സ്‌പോര്‍ട്‌സ് ബൈക്കുകള്‍ എങ്ങനെയാണ് ഓടിക്കേണ്ടതെന്നു പോലും അറിയാതെയാണ് യുവാക്കള്‍ ഇതുമായി റോഡിലേക്ക് ഇറങ്ങുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ വേഗനിയന്ത്രണങ്ങളെക്കുറിച്ചും യുവാക്കള്‍ക്ക് അറിയില്ല. അതിനാല്‍ അപകടങ്ങളും വര്‍ധിക്കുകയാണ്. യുവാക്കളുടെ മാത്രം ജീവനല്ല, റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്കും ഇക്കൂട്ടരുടെ അഭ്യാസങ്ങളില്‍പ്പെട്ട് ജീവഹാനി സംഭവിക്കുന്നുണ്ട്. സെക്കന്റുകള്‍ക്കുള്ളില്‍ 100 കിമീ വേഗത്തിലേക്ക് കുതിക്കാന്‍ ശേഷിയുള്ള ബൈക്കുകളാണ് നിരത്തുകളിലേറെയുമുള്ളത്. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ 250 സിസിക്ക് മുകളിലായിരിക്കും. എടുത്തുയര്‍ത്തിയും കിടന്നും ചാഞ്ഞും മറിഞ്ഞുമൊക്കെ റോഡുകളിലൂടെ യുവാക്കള്‍ ചീറിപ്പായുന്നത് അപകടങ്ങളിലേക്കാണ്.
ഈ സാഹചര്യത്തിലാണ് ന്യൂജെന്‍ ബൈക്കുകള്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തെത്തുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പാര്‍ലമെന്ററി റോഡ് സുരക്ഷാസമിതി യോഗത്തില്‍ കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു. നദേശീയപാതയിലും സാധാരണ റോഡിലുമെല്ലാം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഗൗരവമായെടുക്കണം. രാത്രിയില്‍ തൃശൂര്‍ നഗരത്തിലടക്കം സൈലന്‍സര്‍ പോലും ഇല്ലാത്ത ഇരുചക്രവാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടി അപകടമുണ്ടാക്കുന്നുണ്ട്. ഒരാഴ്ചയ്‌ക്കകം ഇതിനെതിരെ നടപടിയെടുണമെന്ന് ബന്ധപ്പെട്ടവരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. റോഡുകളില്‍ കാഴ്ച മറയ്‌ക്കുന്ന ബോര്‍ഡുകള്‍ നീക്കും. കുതിരാന്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പിനൊപ്പം പോലീസിന്റെയും ശ്രദ്ധ വേണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: