കൊല്ലം: അയോധ്യ ശ്രീരാമതീര്‍ത്ഥക്ഷേത്രനിര്‍മാണ ധനസംഗ്രഹ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 31 മുതല്‍ ഗൃഹസമ്പര്‍ക്കം ആരംഭിക്കും. ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്നതിനുള്ള ധനസമാഹരണത്തില്‍ ജില്ലയിലെ ഭക്തരെ കൂടി പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയതലത്തില്‍ മകരസംക്രാന്തി ദിനം മുതല്‍ സമ്പര്‍ക്കം നടന്നുവരികയാണ്. സംസ്ഥാനത്ത് ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍ നേതൃത്വം നല്‍കുന്നു. സംസ്ഥാനത്ത് 22000 വാര്‍ഡുകളിലും സമിതി പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ 1500 വാര്‍ഡുകളിലും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സമിതി ജില്ലാ അധ്യക്ഷനായ പൊയിലക്കട രാജന്‍നായര്‍ ആണ് ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 31ന് രാവിലെ എട്ടിന് വാദ്യഘോഷങ്ങളുടെയും ശംഖധ്വനികളുടെയും അകമ്പടിയോടെ ഗൃഹസമ്പര്‍ക്കത്തിന് തുടക്കമാകും.
വീടുകളില്‍ നിലവിളക്ക് തെളിയിച്ച് ദക്ഷിണ സമര്‍പ്പിക്കാനാണ് ആഹ്വാനം. 10, 100, 1000 രൂപയുടെ കൂപ്പണുകളും രസീതുകളുമായാണ് സമ്പര്‍ക്കം നടത്തുന്നത്. ഒരുമാസം മുഴുവന്‍ സമ്പര്‍ക്കം നടത്താനാണ് സമിതിയുടെ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പൊയിലക്കട രാജന്‍നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. ചന്ദ്രബാബു, സംയോജകന്‍ മീനാട് ഉണ്ണി, വിഎച്ച്പി ജില്ലാ സംഘടനാസെക്രട്ടറി ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: