തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തൊഴില്‍ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിത എസ്. നായരെന്ന് പരാതിക്കാരന്. ബെവ്കോ, കെടിഡിസി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് പേരില്‍ നിന്നും 16 ലക്ഷം രൂപ ഇവര്‍ കൈപ്പറ്റിയെന്നും പരാതിക്കാരനായ അരുണ്‍ ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരി ആണെന്നും. പിന്‍വാതില്‍ നിയമനങ്ങളിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു ശതമാനം തനിക്കാണെന്ന് സരിത അറിയിച്ചിരുന്നതായും പരാതിക്കാരന് ആരോപിച്ചു. സ്വകാര്യ മാധ്യമത്തിന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ്, ഷാജു എന്നിവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് പരാതി. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സരിത നായരുടെ ഇടനിലക്കാരാണ് ഇരുവരും. അതേസമയം സരിതയ്ക്കെതിരെ പരാതി നല്കിയ ആളെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ച് ഷാജി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. സരിതയ്ക്കെതിരെ പരാതി നല്കിയ ശേഷം ഓഫീസിലെത്തിയും ചിലര്‍ ഭീഷണിപ്പെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.
കെടിഡിസി, ബെവ്കോ എന്നീ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നല്കി. ഇതുമായി ഓഫീസുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ ചോദ്യം ചെയ്യുകയോ തുടര്‍ നടപടികളോ ഒന്നും ഉണ്ടായിട്ടില്ല.
അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സരിത നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. ഇരുപതോളം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സരിതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കോര്‍പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവു നല്കി സാമ്പത്തിക തട്ടിപ്പു നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്ത് നല്‍കിയത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ഇതിനിടെ ബെവ്കോയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരന് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: