ഭോപാല്‍: ഹിന്ദുദൈവങ്ങളെ നിന്ദിച്ച് തന്റെ കോമഡി ഷോയില്‍ പരിപാടികള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ മുനാവര്‍ ഫറൂഖിക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
മുനാവറിന്റെ വലംകൈയായ നളിന്‍ യാദവിനും ജാമ്യം നിഷേധിച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി. ജനവരി 2നാണ് ഹിന്ദുദൈവനിന്ദയുടെ പേരില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.
ജാമ്യം അനുവദിക്കാന്‍ ഒന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ആര്യ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. പരസ്പരബഹുമാനം, വിശ്വാസം, ആദരവ് എന്നിവ ഒരു സമൂഹത്തിന്റെ അടത്തിറയാണ്. എന്നാല്‍ ഈ സംവിധാനത്തെ ഏതെങ്കിലും ഛിദ്രശക്തികള്‍ മലിനപ്പെടുത്തത് അനുവദിച്ചുകൂടെന്നും കോടതി പറഞ്ഞു.
എന്തിനാണ് മറ്റു മതങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് സ്വന്തം നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നതെന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ സിംഗിള്‍ ബെഞ്ച് മുനാവര്‍ അലിയോട് ചോദിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന പരാമര്‍ശം 18 മാസങ്ങള്‍ക്ക് മുമ്പാണ് നടത്തിയത്. പിന്നീട് പല കോമഡി ഷോകളിലും ഇത് ആവര്‍ത്തിച്ചു. ഇതോടെ മറ്റ് സ്റ്റാന്റപ് കൊമേഡിയന്‍മാരും ഇതാവര്‍ത്തിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: