മറാഠകളുടെ ഗറില്ലാ യുദ്ധതന്ത്രത്തിന്റെ ചൂട് മുഗള്‍ സൈന്യം പ്രതിദിനം അനുഭവിച്ചുകൊണ്ടിരിക്കയായിരുന്നു. നേതാജി പാല്‍ക്കറുടെ ശൗര്യത്തിന്റെയും തേജസ്സിന്റെയും തീക്ഷ്ണത ശത്രുവിന്റെ ഹൃദയം പിളര്‍ക്കുന്നതായിരുന്നു. മറുഭാഗത്ത് ജയസിംഹന് സ്വരാജ്യത്തില്‍ കൊലയും കൊള്ളയും കൊള്ളിവെപ്പും തുടങ്ങിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എല്ലാ ഭാഗത്തുനിന്നും ആപത്തിന്റെയും സര്‍വനാശത്തിന്റെയും അഗ്നിജ്വാലയാല്‍ സ്വരാജ്യം ദഹിച്ചുകൊണ്ടിരിക്കയായിരുന്നു.
നിര്‍ദ്ധനരും അര്‍ദ്ധനഗ്നരും കര്‍ഷകരും ഇരുമ്പുപണിക്കാരും തുണി നെയ്തുകാരും ഹരിജനങ്ങളുമായ മാവളി യുവാക്കള്‍ മുഗളര്‍ കൊളുത്തിയ അഗ്നിപ്രളയത്തില് വിചലിതരായില്ല. കീഴടങ്ങുക എന്ന ശബ്ദം, അവരുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരെയാണ് ശിവാജി സൃഷ്ടിച്ചിരിക്കുന്നത്. അല്ലയോ ശിവാജി അങ്ങ് ധന്യനാണ്, അങ്ങയുടെ പുണ്യപ്രതാപത്തിനു മുന്പില് അനേകം പ്രണാമങ്ങള്‍. പുരന്ദര്കോട്ടയെ സര്‍പ്പത്തെപ്പോലെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു ദിലേര്ഖാന്. എന്നിരുന്നാലും അതീവ സാമര്‍ത്ഥ്യത്തോടെ അത്യന്തം രഹസ്യമായി ശിവാജി സാഹസികമായി കോട്ടയില്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും ആയുധങ്ങളും മറ്റു സാധനസാമഗ്രികളും എത്തിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ജയസിംഹനും ദിലേര്‍ഖാനും ആശ്ചര്യചകിതരായി.
ഐതിഹാസികമായ പുരന്ദര്‍ യുദ്ധം നിരന്തരം നടന്നുകൊണ്ടിരിക്കയായിരുന്നു. മുഗള്‍ സൈന്യത്തിന്റെ പീരങ്കി പ്രയോഗം കൊണ്ട് കോട്ടയുടെ ഓരോ ഭാഗങ്ങള്‍ തകര്ന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മറാഠാ സൈന്യം അകത്തെ മതില്ക്കകം പ്രവേശിച്ച് യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. ക്രുദ്ധനായ പുലിയെപ്പോലെ ദിലേര്ഖാന് അന്തിമയുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കയാണ്. അതേസമയം പുരന്ദര്കോട്ടയുടെ പ്രമുഖനായ മുരാരിബാജി എഴുന്നൂറ് സാഹസികരായ യോദ്ധാക്കളോടൊപ്പം ദിലേര്‍ഖാനുമായി യുദ്ധത്തിനു സന്നദ്ധമായി.
ഹരഹര മഹാദേവ് എന്ന രണഘോഷം മുഴങ്ങി. കോട്ടയുടെ വാതില്‍ തുറന്നു. കാലഭൈരവന്റെ അവതാരം പോലെ മുരാരിബാജി പഠാന് സൈനികരുടെ മേല്‍ ആക്രമണം നടത്തി. അദ്ദേഹത്തിന്റെ ഭീഷണമായ പ്രഹരംകൊണ്ട് ശത്രുസൈന്യത്തിന്റെ ശവക്കൂമ്പാരം സൃഷ്ടിക്കപ്പെട്ടു. മുരാരിബാജി ഇരുകൈകളിലും വാളെടുത്തുകൊണ്ട് മിന്നല്‍പോലെ വാള് വീശിക്കൊണ്ടിരുന്നു. അതുകണ്ട് പരിഭ്രമിച്ച ദിലേര്ഖാന് സൈനിക ശിബിരത്തിലേക്ക് ഓടി. മുരാരിബാജി ഖാനെ പിന്തുടര്ന്നു. ശത്രുസൈന്യത്തെ ഭേദിച്ച് മുന്നോട്ടു പോയി.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: