ഔറംഗസേബിന് ശിവാജിയോടുള്ള ക്രോധം അസഹനീയമായിരുന്നു. എത്ര സഹിക്കാന്‍ സാധിക്കും? ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ലാല്‍ മഹളില്‍ കയറി തന്റെ അമ്മാവനായ ശയിസ്തേഖാന്റെ വിരലുകള്‍ വെട്ടിമാറ്റി. കരതലബഖാന് -നാമദാരഖാന്-ഇനായതഖാന്‍-ജസവന്തസിംഹ്രാഠോഡ് എന്നീ പ്രശസ്തരായ തന്റെ സര്‍ദാര്‍മാരെ കളിപ്പാട്ടങ്ങള്പോലെയാണ് തട്ടിക്കളിച്ചത്. മക്കയിലേക്കയ്ക്കാന് ധനധാന്യങ്ങള് നിറച്ച കപ്പല്‍ കൊള്ളയടിച്ചു. ഔറംഗസേബിന്റെ പ്രതാപത്തിന്റെയും പ്രതിഷ്ഠയുടെയും പ്രതീകമായ സൂറത്ത് നഗരം കൊള്ളയടിച്ച് ചുട്ട് ചാമ്പലാക്കി.
എത്രയോ ഗ്രാമങ്ങളും നഗരങ്ങളും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ദില്ലീശ്വരനായ ഔറംഗസേബ് ജീവിച്ചിരിക്കെ, സ്വതന്ത്ര സാര്വഭൗമരാജാവിനെപ്പോലെ സ്വര്‍ണനാണയങ്ങള്‍ അടിച്ചിറക്കി. തന്നെപ്പോലെ മതനിഷ്ഠനും ധര്‍മിഷ്ഠനുമായ മുസ്ലിം ബാദശാഹിനെ ധിക്കരിച്ച് സ്വതന്ത്ര ഹിന്ദു-സിംഹാസനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ സംഭവങ്ങള്‍ ഔറംഗസേബിന്റെ ഹൃദയം തകര്‍ത്തു. ലോകത്തിന്റെ മുന്നില്‍ തന്റെ വര്‍ച്ചസ്സ് നഷ്ടപ്പെടുന്നതായും താന്‍ അപമാനിക്കപ്പെടുന്നതായും ഔറംഗസേബിന് തോന്നി.
ഇങ്ങനെയൊക്കെയായതിനാല്‍ ശിവാജിയെ തകര്‍ക്കാന്‍ സ്വയം ഔറംഗസേബ് തന്നെ ഇറങ്ങിപ്പുറപ്പെടുമോ? ഇല്ല, അങ്ങനെയുള്ള ബുദ്ധിശൂന്യത അദ്ദേഹം ചെയ്യില്ല. മലയെലിയുടെ നഖത്തിന്റെ മൂര്‍ച്ചയെപ്പറ്റി അദ്ദേഹത്തിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. സഹ്യാദ്രി സിംഹത്തെ അതിന്റെ ഗുഹയില്‍ കടന്നുചെന്ന് നേരിട്ടാല്‍ അതിന്റെ പരിണതഫലം എന്തായിരിക്കുമെന്ന് ബാദശായ്ക്ക് നന്നായറിയാമായിരുന്നു.
ശിവാജിക്ക് സമാനനായ സേനാപതി തന്റെ ദര്‍ബാറില്‍ ആരുണ്ട് എന്ന് ആലോചിച്ചുകൊണ്ടിരുന്നു. നൂറിലേറെ വരുന്ന തന്റെ മുസ്ലിം സര്ദാര്മാരില് ആരും തന്നെ ശിവാജിക്ക് സമാനനായി അദ്ദേഹത്തിന്റെ സ്മൃതിയില്‍ വന്നില്ല. അവസാനം യോഗ്യനായ ഒരാളെ കണ്ടെത്തി. പ്രചണ്ഡ പരാക്രമിയും കര്തൃത്വവാനും കുശാഗ്രബുദ്ധിമാനുമായ ജയ്പൂരിലെ മിര്ഝാരാജ ജയസിംഹനായിരുന്നു അത്.
കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി മുഗള്‍ സാമ്രാജ്യത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചു വരികയാണ് മിര്ഝാരാജേ. വടക്ക് മദ്ധ്യേഷ്യ മുതല്‍ ദക്ഷിണ ഭാരതം വരെയും പടിഞ്ഞാറ് കന്ദുഹാര് മുതല്‍ കിഴക്ക് മ്യാന്മര് വരെ നൂറിലധികം യുദ്ധം നടത്തി ജയിച്ചയാളാണ് ഇദ്ദേഹം. ജയ്സിംഹന്‍, യശസ്വിയും, രാജനീതി നിപുണനും, ബഹുഭാഷാ പണ്ഡിതനും മധുരഭാഷിയും ആയിരുന്നു.
ആരംഭം മുതല്‍ തന്നെ ഔറംഗസേബിനെ ചക്രവര്ത്തിയാക്കുന്നതില് ജയസിംഹന്റെ ബുദ്ധിയും ബലവും പ്രതാപവും വലിയ സ്ഥാനം വഹിച്ചിട്ടുണ്ടണ്ടണ്ട്. ശ്രീരാമചന്ദ്രന്റെ സൂര്യവംശക്കാരനാണ് ഞാനെന്ന് അഭിമാനത്തോടെ പറയുമായിരുന്നു ഇദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്റെ നിഷ്ഠ, പ്രതിഭ, പരാക്രമം എല്ലാം ദില്ലീശ്വരന്റെ പാദതലത്തില്‍ സമര്പ്പിച്ചിരിക്കയായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛനും, മുത്തച്ഛനും പരമ്പരയായി നടന്നുവരുന്നതായിരുന്നു ഈ പാദ സേവനം. ദില്ലി ബാദശാഹയുടെ രാജ്ഞിമാരായി സ്വന്തം കുടുംബത്തിലെ സുന്ദരികളായ അനേകം കന്യകമാരെ അയച്ചിട്ടുണ്ടണ്ടായിരുന്നു, അതില്‍ അഭിമാനം കൊള്ളുന്നവരായിരുന്നു ഇവരുടെ കുടുംബക്കാര്. മുഗള്‍ ബാദശാഹയുടെ ബന്ധുവാണ് ഭാര്യാ പിതാവാണ് എന്നത് പരമസൗഭാഗ്യമായി കരുതിയിരുന്നു ഇവര്‍.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: