ധര്‍മ്മപുത്ര ചക്രവര്‍ത്തിയുടെ അടുത്ത് രാജസേവയ്ക്ക് ചെന്ന ബ്രാഹ്മണന്, അദ്ദേഹത്തെ സ്തുതിക്കുന്നതാണ് സന്ദര്‍ഭം. മഹാരാജാവിന്റെ യശോധാവള്യം ലോകം മുഴുവന്‍ വ്യാപിക്ക കൊണ്ട് മഹാകേമന്മാര്ക്കു നേരിട്ട വിഷമം ഒന്ന് ചിന്തിക്കാം:
മഹാരാജ, ശ്രീമന്‍, ജഗതി
യശസാ തേ ധവളിതേ
പയഃപാരാവാരം
പരമപുരുഷോയം മൃഗയതേ
കപര്‍ദ്ദീ കൈലാസം
കുലിശഭൃദഭൗമം കരിവരം
കലാനാഥം രാഹുഃ
കമലഭവനോ ഹംസമധുനാ
(പുരുഷാര്‍ത്ഥക്കൂത്ത് -രാജസേവ)
ശ്രീമന്‍ മഹാരാജ,- അല്ലയോ ശ്രീമാനായ മഹാരാജന്, ജഗതി യശസാ തേ ധവളിതേ – ലോകം മുഴുവന്‍ അങ്ങയുടെ യശസ്സിന്റെ വെളുപ്പ് വ്യാപിച്ചതു കൊണ്ട്. പയഃ പാരാവാരം- പാല്‍ക്കടലിനെ. പരമ
പുരുഷോയം-പരമപുരുഷന്, അതായത് മഹാവിഷ്ണു. മൃഗയതേ- തേടുന്നു അഥവാ അന്വേഷിക്കുന്നു. കപര്‍ദ്ദീ- പരമശിവന് കൈലാസം പരമശിവന് തന്റെ ഇരിപ്പടമായ കൈലാസംഅന്വേഷിക്കുന്നു. കുലിശഭൃത് കുലിശം-വജ്രായുധം ഭൃത്ത് -കയ്യിലുള്ളയാള്‍ ദേവേന്ദ്രന്. അഭൗമം കരിവരം-ഭൂമിയിലേതല്ലാത്ത- സ്വര്‍ഗത്തിലെ- ശ്രേഷ്ഠനായ ആനയെ അതായത് ഐരാവതത്തെത്തേടുന്നു. രാഹു, കലാനാഥം-രാഹു കലാനാഥനെ- ചന്ദ്രനെ തേടുന്നു. കമലഭവനോ -ബ്രഹ്മാവ്. ഹംസമഥുനാ-തന്റെ വാഹനമായ അരയന്നത്തെ തിരയുന്നു!
മഹാരാജാവിന്റെ യശോധാവള്യം, ഈ ലോകത്തുമാത്രമല്ല, പരലോകത്തും വ്യാപിക്കകൊണ്ട് എല്ലാ വസ്തുക്കളും വെളുത്തതായിത്തീര്ന്നു. അതിന്റെ ഫലമോ? സ്വതേ വെളുത്ത നിറമുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ നിവൃത്തിയില്ലാതായി. മഹാവിഷ്ണു പാല്ക്കടല് അന്വേഷിക്കുന്നു. പരമശിവന് തന്റെ ഇരിപ്പിടമായ കൈലാസം തിരയുന്നു. ദേവേന്ദ്രന് തന്റെ വാഹനമായ ഐരാവതത്തെയും, രാഹു, ചന്ദ്രനേയും, ബ്രഹ്മാവ് അരയന്നെത്തയും തിരയുന്നു. അത്ഭുതം തന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: