ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തിന് ദല്‍ഹി നഗരത്തിനുള്ളിലും ചെങ്കോട്ടയിലും അക്രമം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രഥമവിവരറിപ്പോര്‍ട്ട് പ്രകാരം 30 – 40 ട്രാക്ടറുകളും മോട്ടോര്‍ബൈക്കുകള്‍ ഉള്‍പ്പെടെ 150 സ്വകാര്യവാഹനങ്ങളും രാജ്ഘട്ട് പ്രദേശത്ത് നിന്നും ചെങ്കോട്ടയിലേക്ക് വന്നതായി പറയുന്നു. ആയിരത്തോളം വരുന്ന അക്രമികള്‍ ശാന്തിവന്‍ റെഡ് ലൈറ്റിനരികെ തടിച്ച് കൂടി ട്രാക്ടര്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ തകര്‍ക്കുകയായിരുന്നു.
ചിലര്‍ ട്രാക്ടറുകള്‍ പൊലീസുകാര്‍ക്ക് മുകളില്‍ ഓടിച്ചുകയറ്റാന്‍ നോക്കി. പിന്നീടാണ് ഈ അക്രമി സംഘം ചെങ്കോട്ടയില്‍ എത്തുന്നത്. അവിടുത്തെ ഗേറ്റ് മറികടന്ന് കോട്ടയ്ക്കുള്ളിലെത്തി, പിന്നീട് സിഖ് കൊടിവരെ നാട്ടി. പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം അക്രമികള്‍ പൊലീസിന്റെ തോക്കടക്കം തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായി പറയുന്നു.
അക്രത്തിലേര്പ്പെട്ട കര്‍ഷക നേതാക്കളുടെ പാസ്പോര്ട്ടുകള് പിടിച്ചെടുക്കുമെന്നും പൊലീസ് പറഞ്ഞു. ചെങ്കോട്ടയുടെ അക്രവുമായി ബന്ധപ്പെട്ട് നടന് ദീപ് സിദ്ദു, സാമൂഹ്യ പ്രവര്ത്തകന് ലാഖാ സിദ്ദാന എന്നിവരുടെ പേരുകളും പൊലീസ് എഫ്ഐആറില്‍ ഉണ്ട്.
ജനവരി 27 മുതല്‍ 31 വരെ ചെങ്കോട്ട അടച്ചിടാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉത്തരവായി. പൊലീസിന്റെ എഫ് ഐആറില്‍ 37 കര്‍ഷകനേതാക്കളുടെ പേരുകളുണ്ട്. അവരോടും പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ രാജ്യം വിട്ടുപോകാതിരിക്കാനാണ് ഈ നടപടി. ട്രാക്ടര്‍ പരേഡിനിടയില്‍ കര്‍ഷകനേതാക്കള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നെന്നും അവരും അക്രമത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു. ഏകദേശം 300 പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: