ആലപ്പുഴ: കേരളം കാത്തിരുന്ന ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. പൊതുഗതാഗതത്തിനായി ഇന്ന് ബൈപ്പാസ് തുറക്കുമ്പോള്‍ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിടുന്നു എങ്കില്‍ മുഖ്യമന്ത്രി പിണറായിയെ ദല്‍ഹിയിലേക്ക് നിതിന്‍ ഗഡ്കരി ക്ഷണിച്ചു. കുതിരാന്‍ തുരങ്കം അടക്കം വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച ആകാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. റോഡപകടങ്ങള്‍ തടയുന്നതിന് മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്. കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയാണ് മന്ത്രി സംസാരിച്ചത്. ബൈപ്പാസ് നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാം സഹകരണവും നല്‍കിയെന്നും കൃത്യസമയത്ത് തന്നെ ആവശ്യമായ 164 കോടി രൂപ നല്‍കിയെന്നും മന്ത്രി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുത്തു. നാലര പതിറ്റാണ്ട് മുമ്പ് ആലോചന തുടങ്ങിയ ബൈപാസ് നിര്‍മ്മാണം പലവിധ കാരണങ്ങളാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. കേന്ദ്ര സഹമന്ത്രി വി കെ സിംഗ്, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, എം പിമാരായ എ എം ആരിഫ്, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: