തൃശൂര്‍: കുതിരാനില്‍ ഒരു ടണല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു. ചീഫ് വിപ്പ് കെ. രാജന് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ജസ്റ്റിസ് പി.വി ആശയാണ് ഹര്‍ജി പരിഗണിച്ചത്.
തുരങ്കം കമ്മീഷന് ചെയ്യും മുമ്പ് വിവിധ അതോറിറ്റികള്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ടെന്നും സാമ്പത്തിക വിഷയങ്ങളെ തുടര്‍ന്ന് തുരങ്കത്തിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും ദേശീയ പാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു. വാദം കേട്ട ഹൈക്കോടതി ദേശീയ പാത അതോറിറ്റി നിയോഗിച്ച വിദഗ്ധരെ കക്ഷി ചേര്‍ക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവായി. ടണലിനെക്കുറിച്ചു വിദഗ്ധ പഠനത്തിനായി നിയമിക്കപ്പെട്ട ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ശിവകുമാര്‍ ബാബുവിന്റെ റിപ്പോര്‍ട്ടാണ് കോടതി തേടിയത്. ദേശീയപാതാ എന്‍ജിനീയറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദത്തിനായി അടുത്ത മാസം 10ലേക്ക് മാറ്റി.
ഇരട്ട ടണലുകളില്‍ ഒന്നെങ്കിലും പൂര്‍ത്തിയാക്കി ഉടനെ തുറന്നു കൊടുക്കണമെന്നും മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത ആറു വരിയാക്കല്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കുതിരാനില്‍ ഇപ്പോഴും അശാസ്ത്രീയമായി പാറ പൊട്ടിക്കുന്നത് മൂലം വീണ്ടും മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുണ്ടെന്നും ഉടനെ വിദഗ്ധ ശാസ്ത്രീയ റിപ്പോര്‍ട്ട് തേടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇ.ശ്രീധരന്റെയോ, വിദഗ്ധ സമിതിയുടെയോ മാര്‍ഗനിര്‍ദേശവും റിപ്പോര്‍ട്ടും ആവശ്യമാണെന്നു കാണിച്ച് ചീഫ് വിപ്പ് കോടതിയില്‍ ഇടക്കാല അപേക്ഷയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: