പത്തനാപുരം: ഗണേഷ് കുമാറിനെ വീണ്ടും കടന്നാക്രമിച്ച് സിപിഐ. പത്തനാപുരത്ത് നടന്ന സമര സായാഹ്ന ധര്‍ണ്ണയില്‍ രൂക്ഷവിമര്‍ശനമാണ് എംഎല്‍എക്കെതിരെ സിപിഐ നേതാക്കള്‍ ഉയര്‍ത്തിയത്. ‘കുമ്പിടി രാജാവ്’ പോകുന്നിടത്തെല്ലാം കാണുന്ന കാഴ്ചകള്‍ മലയോര നാട്ടില്‍ നടപ്പിലാക്കാന്‍ നോക്കിയാല്‍ അത് എങ്ങനെയാകുമെന്നത് നമുക്കറിയാം.
മൈക്കിന് മുന്നില്‍ നിന്ന് എന്ത് വര്‍ത്തമാനവും പറയാം. പക്ഷേ അതുകൊണ്ടൊന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ തീരുന്നില്ലെന്ന് ഗണേഷ് കുമാറിനെ പരിഹസിച്ച് സിപിഐ മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ധീന് പറഞ്ഞു. പാലങ്ങള്‍ പണ്ടും ഉണ്ടായിരുന്നു ഇപ്പോ മാത്രമല്ല പാലമുണ്ടായതെന്നും സംസ്ഥാന കൗണ്‍സിലംഗം അഡ്വ. എസ്. വേണുഗോപാലും ഗണേഷ് കുമാറിനെ പരിഹസിച്ചു. പട്ടയത്തിനായി എംഎല്‍എ നിയമസഭയില്‍ നാളിതുവരെയായിട്ടും ഒരുവാക്ക് പോലും മിണ്ടിയിട്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.
എംഎല്‍എയായ ഗണേഷ് കുമാറിന്റെ പല നിലപാടുകളും വികസനകാര്യത്തില്‍ തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്കിടയില്‍ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. പത്തനാപുരം മാര്‍ക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: