അമ്പലപ്പുഴ: തകഴിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാളുന്നു. തകഴി പൂര്‍ണമായും ലോക്ഡൗണിലേക്ക്. കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചതോടെയാണ് തകഴി പഞ്ചായത്താകെ ലോക്ഡൗണാക്കി മാറ്റാന്‍ ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ 55 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മൂന്ന്, ആറ്, ഏഴ്, 10, 13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കിയും മാറ്റി. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമാകുകയാണ്. കഴിഞ്ഞ മാസം പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ട് മാത്രമായിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമാകുന്നത്.
തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലാത്ത കടകളെല്ലാം കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍ക്ക് പഞ്ചായത്ത് ഭരണ സമിതി അനുവാദം നല്കിയതും വ്യാപനത്തിന് കാരണമായിട്ടുണ്ട്.
വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഭക്ഷണം പാഴ്സലായി നല്‍കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് കൃത്യമായി ഉപയോഗിക്കാറില്ല. തിങ്കളാഴ്ച ഒരു കോവിഡ് മരണവും കൂടി സംഭവിച്ചതോടെയാണ് പഞ്ചായത്താകെ ലോക്ഡൗണാക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: