Categories: Alappuzha

കേരഗ്രാമം പദ്ധതി; പ്രദേശങ്ങളെ തെരഞ്ഞെടുത്തതില്‍ അപാകത

കൃഷ്ണപുരം പഞ്ചായത്തിനെ മാത്രമാണ് പദ്ധതിക്കായി ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.

Published by

ആലപ്പുഴ: കേരഗ്രാമം പദ്ധതിയില്‍ നിന്ന് ജില്ലയിലെ തീരപ്രദേശങ്ങളെയടക്കം തഴയുന്നതില്‍ പ്രതിഷേധം. തെങ്ങുകളുടെ ശാസ്ത്രീയ സംരക്ഷണത്തിലൂടെ നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കുവാനുള്ള സമഗ്ര പദ്ധതിയാണ് കേരഗ്രാമം. കൃഷ്ണപുരം പഞ്ചായത്തിനെ മാത്രമാണ് പദ്ധതിക്കായി ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്. തെങ്ങുകൃഷി വ്യാപകമായി ചെയ്യുന്നതും എന്നാല്‍ കാറ്റു വീഴ്ച രോഗംമൂലം ഏറ്റവുമധികം വിളനഷ്ടമുണ്ടാകുന്നതുമായ പ്രദേശങ്ങളെ ഒഴിവാക്കിയതാണ് വിവാദമാകുന്നത്.  

250 ഹെക്ടറെങ്കിലും കേരകൃഷിയുള്ള പഞ്ചായത്തുകളില്‍ നാളികേരോല്‍പാദനം വര്‍ധിപ്പിക്കുവാനുള്ള സമഗ്ര പദ്ധതിയാണിത്. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തില്‍ തെങ്ങുകളുടെ ജലസേചനം, തടമെടുപ്പ്, വളം – കീടനാശിനി പ്രയോഗം, കേടുവന്ന തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈ നടീല്‍, എന്നീ പ്രവര്‍ത്തികള്‍ക്കൊക്കെ കര്‍ഷകര്‍ക്ക് സഹായ ധനം നല്‍കുവാന്‍ കേരഗ്രാമം പദ്ധതി അനുവാദം നല്‍കുന്നു.

ജലസേചനത്തിന് കിണര്‍ കുഴിക്കുവാനും മോട്ടര്‍ വെക്കുന്നതിനും ഡ്രിപ്പ് ഇറിഗേഷനും ഇതില്‍ പദ്ധതിയിടുന്നു. ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ഇടവിളകൃഷിക്കും ധനസഹായം നല്‍കുന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. തെങ്ങുകയറ്റ യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായം  പോലും കേരഗ്രാം പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന കര്‍മ്മസമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്.

പഞ്ചായത്തുതലത്തില്‍ ശരിയായ പഠനം നടത്തി യഥാസമയം റിപ്പോര്‍ട്ടും ശുപാര്‍ശയും സമര്‍പ്പിക്കുന്ന പഞ്ചായത്തുകള്‍ക്ക് മാത്രമെ പദ്ധതി ലഭിക്കാറുള്ളു.  ഒരു വര്‍ഷം അന്‍പത് ലക്ഷം രൂപ വരെ അനുവദിച്ചു കിട്ടുന്ന കേരഗ്രാമം പദ്ധതി വിളനാശം മൂലം ഏറെ കഷ്ടപ്പെടുന്ന ജില്ലയിലെ നാളികേര  കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by