ന്യൂദല്‍ഹി : റിപ്പബ്ലിക് ഡേ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കലാപത്തിനായി പണം ഒഴുക്കിയതിന് പിന്നില്‍ പാക് ചാരസഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബബ്ബര്‍ ഖല്‍സ, ഖാലിസ്താന്‍ തുടങ്ങിയ സംഘടനകളും സംഘര്‍ഷത്തിനായി കോടികള്‍ ഒഴുക്കിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബബ്ബര്‍ ഖല്‍സയുടെ ജര്‍മ്മന്‍ യൂണിറ്റിന് അഞ്ച് കോടി രൂപ ഐഎസ്ഐ നല്‍കിയതായാണ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഖാലിസ്താന്‍ വാദികളായ സന്തോഖ് സിങ്ങിന്റെയും സ്വരണ്‍ജിത് സിങ്ങിന്റെയും നേതൃത്വത്തില്‍ രണ്ട് കോടിയും കാനഡയിലെ ഖാലിസ്താന്‍ നേതൃത്വം മൂന്നു കോടിയും രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ എത്തിച്ചു. ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്സ്, സിഖ് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ നിന്നും വലിയതോതില്‍ പണമൊഴുക്കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബബ്ബര്‍ ഖല്‍സ മേധാവി വാധ്വ സിങ്ങിനാണ് പണം കൈമാറിയത്.
വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് ഹവാല വഴിയാണ് ഈ പണം എത്തിച്ചിട്ടുള്ളതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അമേരിക്ക, ന്യൂസിലന്‍ഡ്, ബ്രിട്ടന്, ഇറ്റലി, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഖാലിസ്താന്‍ വാദികള്‍ സംഘര്‍ഷത്തിനായി ഫണ്ട് പിരിവുകള്‍ നടത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ഖാലിസ്താന്‍ കൊടി ഉയര്‍ത്തുന്നവര്‍ക്ക് സിഖ് ഫോര്‍ ജസ്റ്റിസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അതേസമയം ദല്‍ഹിയില്‍ സമരം നടത്തുന്ന കിസാന്‍ മോര്‍ച്ചയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസവും ഉടലെടുത്തിട്ടുണ്ട്. ഒന്നിന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ ജനവികാരം വീണ്ടും എതിരാകുമെന്ന ഒരുവിഭാഗം അറിയിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
കിസാന്‍ മോര്‍ച്ചയുടെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ അത് സമരത്തിന് വലിയ തിരിച്ചടിയാകും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇന്ന് കിസാന്‍മോര്‍ച്ച പ്രവര്‍ത്തകര്‍ യോഗം ചേരുന്നുണ്ട്. മാര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: