ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്തുടനീളം അക്രമം അരങ്ങേറുമ്പോള്‍ അന്ധമായ പ്രതികരണം നടത്തി കര്‍ഷക സംഘടനാ നേതാവ്. സമാധാനപരമായാണ് റാലി നടക്കുന്നതെന്നായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) നേതാവ് രാകേഷ് ടികായത് ചൊവ്വാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്.
റാലിക്കിടെ പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടക്കുന്നതിന്റെയും ന്യൂദല്‍ഹിയിലെ ഐടിഒയില്‍ ബസുകള്‍ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഈ സമയം പുറത്തുവരുന്നുണ്ടായിരുന്നു. അപ്പോഴും കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ രാകേഷ് ടികായത് ഉറച്ചുനിന്നു.
നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം ചെയ്യുമെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച പൊലീസുമായി കര്‍ഷകരുണ്ടാക്കിയ ധാരണ മറിടകടന്നായിരുന്നു അക്രമം. രാജ്പഥിലെ പരേഡിന് ശേഷമായിരുന്നു കര്‍ഷകരുടെ റാലിക്ക് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പരേഡ് തുടങ്ങുന്നതിന് മുന്‍പ് രാവിലെ എട്ടിന് തന്നെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടി.
കര്‍ഷകരെ തടയാനുള്ള ശ്രമത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റി. തുടര്‍ന്ന് പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലയിടത്തും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: