ന്യൂദല്‍ഹി: തലസ്ഥാനത്തെ ചെങ്കോട്ട, ഐടിഒ എന്നീ ദല്‍ഹി നഗരമധ്യപ്രദേശങ്ങളിലേക്ക് തള്ളിക്കയറിയത് യഥാര്‍ത്ഥ സമരക്കാരല്ലെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പകരം സംയുക്തസമരസമിതിയില്‍ ഉള്‍പെടാത്ത ബികെയു, ഉഗ്രഹാന്‍, കര്‍ഷക് മസ്ദൂര്‍ സംഘ് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണെന്നാണ് വിശദീകരണം. ഈ പ്രവര്‍ത്തകരുടെ ആക്രമണോല്‍സുക നടപടികളെ സംയുക്തസമരസമിതി തള്ളി.
റിപ്പബ്ലിക് ദിനത്തില്‍ റാലി നടത്താന്‍ സംയുക്തസമരസമിതിയ്ക്ക് അനുവാദം നല്‍കിയത് ദില്ലി പൊലീസാണ്. ദില്ലി അതിര്‍ത്തിയിലെ റോഡുകളിലൂടെ ട്രാക്ടര്‍ റാലി നടത്താന്‍ റൂട്ട് മാപ്പും ദില്ലി പൊലീസ് നല്‍കിയിരുന്നു. ഇതുപ്രകാരം ദല്ഹിനഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, തിക്രി, ഘാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം അടയാളപ്പെടുത്തിയ റൂട്ട്മാപ്പിലൂടെ മാത്രമായിരുന്നു ട്രാക്ടര്‍ റാലി നടത്താന്‍ അനുവാദം. പക്ഷെ ഇതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ ഘാസിപൂരില്‍ നിന്നും അക്ഷര്‍ധാം വഴി ഐടിഒയിലേക്ക് തള്ളിക്കയറുകയായിരുന്നു. മറ്റൊരുവിഭാഗമാകട്ടെ ഘാസിപൂരില്‍ നിന്നും നേരെ ചെങ്കോട്ടയിലേക്കും നീങ്ങി. നഗരത്തിലേക്ക് കയറാനുള്ള പാതകളില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്താണ് അക്രമികളായ സമരക്കാര്‍ ദല്‍ഹി നഗരമധ്യത്തിലേക്ക് ഇരച്ചു കയറിയത്.
പൊലീസും സംയുക്ത കര്ഷകസമരസമിതിയും തമ്മിലുണ്ടായ ധാരണകളെ കാറ്റില്‍ പറത്തിയാണ് ഈ തള്ളിക്കയറ്റമുണ്ടായത്. ഇവരില്‍ ചിലര്‍ ചെങ്കോട്ട പിടിച്ചെടുക്കുന്നതിന്റെ പ്രതീകമെന്നോണം ഒരു കൊടിമരത്തില്‍ കര്‍ഷകരുടെ കൊടി നാട്ടുകയും ചെയ്തു. എന്നാല്‍ ഇവരെല്ലാം അല്പം തീവ്രസ്വഭാവമുള്ള കര്‍ഷകസംഘടനകളായ ബികെയു, ഉഗ്രഹാന്‍, കര്‍ഷക മസ്ദൂര്‍ സംഘ് എന്നീ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: