ന്യൂദല്‍ഹി: ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സീന് ആവശ്യപ്പെട്ട് സൗദി അറേബ്യയും. 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിക്കു നല്കാന് ഇന്ത്യ തീരുമാനിച്ചു. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്സീന് ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കും.
അതേസമയം, യൂറോപ്പിലേക്ക് വാക്സീന് അയയ്ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീന് വിതരണത്തെ ബാധിക്കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവലെ വ്യക്തമാക്കി. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷി. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്സീനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീന് ഡോസുകള്‍ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്സീന് വാങ്ങിയത്.
അതേസമയം, വസുധൈവ കുടുംബകം എന്ന ഭാരതീയ പാരമ്പര്യം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറിയെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: