ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണം രാജ്യത്തുടനീളം സജീവമായി നടക്കുകയാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ചു സംഭാവന നല്‍കാനാണ് നിര്‍മാണ ട്രസ്റ്റിന്റെ വോളണ്ടിയര്‍മാര്‍ അഭ്യര്‍ഥിക്കുന്നത്. സെലിബ്രിറ്റികളും വന്‍കിട ബിസിനസുകാരും കോടികള്‍ ഇതിനോടകം സംഭാവന നല്കി കഴിഞ്ഞു. ഗുജറാത്തിലെ വജ്രവ്യാപാരി 11 കോടിയാണ് നല്‍കിയത്. എന്നാല്‍ ചെറിയ തുക സംഭാവന നല്‍കുന്നവരേക്കാള്‍ കൂടുതല്‍ തുക നല്കിയവരാണ് വലിയവരും മികച്ചവരുമെന്ന് ചിന്തിക്കുന്നതിലും അര്‍ഥമില്ല.
ഇത് തെളിയിക്കുന്നതാണ് രാമക്ഷേത്രത്തിനുവേണ്ടി സംഭാവന നല്കുന്ന 80-കാരിയുടെ വീഡിയോ. കൈവശമുള്ള 20 രൂപയും സംഭാവനയായി സ്വീകരിക്കണമെന്ന് ആ അമ്മ നിര്‍ബന്ധിക്കുന്നത് ഇതിനോടകം വൈറലായ വീഡിയോയില്‍ കാണാം. രസീതിന് ആനുപാതികമായി പത്തുരൂപ നല്കിയാല് മതിയെന്ന് വോളണ്ടിയര്‍ പറയുന്നുണ്ടെങ്കിലും അതു കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് തന്റെ പേരിലും മരിച്ചുപോയ മകന്റെ പേരിലും കൂപ്പണ്‍ നല്കാന് വോളണ്ടിയറോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് രാംനാഥ് കോവിന്ദ് ക്ഷേത്ര നിര്‍മാണത്തിനായി അഞ്ചുലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 1,100 കോടി രൂപയാണ് നിര്‍മാണത്തിനായി കണക്കാക്കുന്ന ചെലവ്. ജനുവരി 14ന് തുടക്കമിട്ട ധനസമാഹരണം ഫെബ്രുവരി അവസാന ആഴ്ചവരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: