കൊല്ലം: മുളങ്കാടകം ദേവീക്ഷേത്രത്തിലെ തീപിടിത്തത്തില്‍ നശിച്ചത് ആയിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള നിര്‍മ്മിതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരവും ദാരുശില്പങ്ങളും. കൊല്ലവര്‍ഷം ആരംഭിച്ചപ്പോള്‍ നിര്‍മ്മിച്ചതെന്നു കരുതുന ക്ഷേത്രഗോപുരമാണ് കത്തിനശിച്ചത്. രണ്ട് നിലകളായുള്ള ഗോപുരത്തില്‍ അനന്തശയനം, നവഗ്രഹങ്ങള്‍, ദാരുശില്പങ്ങള് മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന വേതാളി അപ്പൂപ്പന് എന്നിവ കത്തിപ്പോയി. ഗോപുരത്തിന് സമീപമുണ്ടായിരുന്ന തോറ്റംപാട്ട് നടക്കുന്ന പാട്ടമ്പലവും ഭാഗികമായി കത്തി. ഒരു കോടി രൂപയിലേറെ നാശനഷ്ടം കണക്കാക്കുന്നു. വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം, റവന്യൂ സംഘം അടക്കമുള്ളവര്‍ ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി.
ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു കെടാവിളക്കുണ്ട് ഇതില്‍ നിന്നാകാം തീ പടര്‍ന്നെതെന്നാണ് പ്രാഥമിക വിവരം. തടിയില്‍ നിര്‍മിച്ചിട്ടുള്ള ചുറ്റമ്പലത്തിന്റെ മുമ്പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു കരുതുന്നത്.
ഗോപുരത്തിന് മുകളില്‍ രണ്ടാം നിലയിലുള്ള ഭാഗമാണ് വേതാളിപ്പുര. ഇവിടെയുള്ള വേതാളി അപ്പൂപ്പന്റെ വിഗ്രഹം അപൂര്‍വ്വത ഉള്ളതാണ്. ദേവിയുടെ ഉറ്റ തോഴന് എന്നാണ് വിശ്വാസം. ഗുരുതി എഴുന്നള്ളത്ത് സമയത്ത് ദേവിയെ അനുഗമിക്കുന്നത് വേതാളി അപ്പൂപ്പനാണ്. വേതാളി ഗോപുര പുരയ്ക്ക് മുന്നിലാണ് പത്താമുദയ മഹോത്സവത്തിനുള്ള കൊടിയേറ്റ്. പ്രസിദ്ധമായ ഗരുഡന് തൂക്കത്തില്‍ കുട്ടികളെ വേതാളി അപ്പൂപ്പന് മുന്നില്‍ ദര്‍ശനം നടത്താറുണ്ട്. ഗോപുര നിര്‍മ്മാണത്തിന്റെ കാലഘട്ടം ഇവിടെ കൊത്തിവച്ചിട്ടുണ്ട്.
ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്കു പടരുകയായിരുന്നു. ചുറ്റമ്പലം തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവി ക്ഷേത്രം. പൂര്‍ണ്ണമായും തടിയിലും ഓടിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രഗോപുരം ആചാര പ്രകാരം പുനര്‍നിര്‍മ്മിക്കും. ഒരു മാസം മുന്‍പ് ക്ഷേത്രത്തില്‍ മോഷണവും നടന്നിരുന്നു.
ക്ഷേത്രത്തിലെ നടത്തിപ്പ് സംബന്ധിച്ച അനാസ്ഥയും ചര്‍ച്ചയാകുന്നു. ദേവഹിതം മാനിക്കാതെ ക്ഷേത്രത്തോട് ചേര്‍ന്ന് സേവാപന്തല്‍ നിര്‍മ്മിച്ചതും അനിഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമായതായി വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തോട് താല്പര്യമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഭരണം കയ്യാളുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഒരു മാസത്തിന് മുമ്പ് ക്ഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചികള്‍ കുത്തിപ്പൊളിച്ച് മോഷണം നടന്നിട്ടും അന്വേഷണത്തിനായി പരിശ്രമിച്ചില്ല.
തീപിടിത്തത്തെ പറ്റിയും ക്ഷേത്രനടത്തിപ്പില്‍ ആരോപിക്കപ്പെടുന്ന അനാസ്ഥയെപ്പറ്റിയും അന്വേഷണം ആവശ്യമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ് ബാബു ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ട് 5ന് ഭക്തജനസംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എ. വിനോദ്, വിഭാഗ് കാര്യവാഹ് വി. മുരളീധരന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്, ബി. പ്രശോഭ്, ജയന് പട്ടത്താനം, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: