വയനാട്: മേപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോംസ്റ്റേയ്ക്കെതിരെ ആരോപണങ്ങള്‍.വിനോദ സഞ്ചാരത്തിനായി എത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ഷഹാന താമസിച്ചിരുന്ന ടെന്റ് വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്താണ്. ഹോംസ്റ്റേയ്ക്ക് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. കാടിന് സമീപത്തായി ടെന്റുകള്‍ ഇവര്‍ ലൈസന്‍സില്ലാതെയാണ് നിര്‍മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് ആവശ്യമുള്ള ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നില്ല. വിനോദ സഞ്ചാരികളെ താമസിപ്പിച്ചിരുന്ന ടെന്റുകള്‍ക്ക് സമീപത്തെ കാട് പോലും ഇവര്‍ വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണം ഉണ്ട്. എന്നാല്‍ ടെന്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നാണ് ഹോംസ്റ്റേ ഉടമ നല്കുന്ന മറുപടി. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. വന്യമൃഗശല്യമുണ്ടെന്ന് ഹോംസ്റ്റേ ഉടമയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. അത് നിരസിച്ച് ടെന്റുകള്‍ കെട്ടിയതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്താനാനുമതി റദ്ദാക്കുമെന്ന് അവര്‍ അറിയിച്ചു.
വനത്തിന്റെ അതിര്‍ത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റര്‍ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.
ശനിയാഴ്ച രാത്രി ഹോംസ്റ്റേയുടെ ടെന്റില്‍ താമസിക്കുമ്പോഴാണ് മേപ്പാടി ഷഹാനയ്ക്ക് അപകടം സംഭവിക്കുന്നത്. ശുചുമുറിയില്‍ പോയി മടങ്ങുമ്പോള്‍ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയും പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് ഷഹാന മരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല.
സംഭവത്തെ തുടര്‍ന്ന് ംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മേപ്പാടി സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ ടെന്റുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരത്തില്‍ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചാല്‍ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: