പിണറായി വിജയന് ചെക്ക് വെക്കാന്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും കളത്തിലിറക്കുകയാണ് എഐസിസി. കേട്ടപാതി കേള്‍ക്കാത്ത പാതി ചാണ്ടി ഡ്രസ് റിഹേഴ്സല്‍ ആരംഭിച്ചിട്ടുണ്ട്. രമേശന്‍നായരുടെ ഐശ്വര്യകേരളയാത്ര കഴിയുന്ന മുറയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം ചാണ്ടിയുടെ യാത്ര പ്രതീക്ഷിക്കാം. ശബ്ദത്തിന്റെ പതിവ് പതറലൊക്കെ മാറി. മുണ്ട് കൂട്ടിപ്പിടിച്ചുള്ള നടത്തയുടെ രീതിയൊക്കെ മാറ്റി…പിന്നെയും ഒരു അതിവേഗം ബഹുദൂരം ലുക്കിലേക്ക് ചാണ്ടി മാറുകയാണ്…..
കവി എസ്. രമേശന്‍നായരുടെ വിവാദ റേഡിയോ നാടകമായ ശതാഭിഷേകത്തില്‍ ഒരു കഥാപാത്രമുണ്ട്. മൃതദേഹന്‍പിള്ളയദ്ദേഹം. തറവാട്ടിലെ കാര്യങ്ങള്‍ മുറയ്ക്ക് നടത്താന്‍ നിയമിക്കപ്പെടുന്ന ആളാണ് കക്ഷി. ഓക്സിജന്‍ സിലിണ്ടര്‍ അഡീഷണല്‍ ഫിറ്റിങാണ് പുള്ളിക്ക്. കിടക്കയോടെ കാളവണ്ടിയിലെടുത്തുകയറ്റിയാണ് കൊണ്ടുവരുന്നത്… ആ എഴുന്നെള്ളത്തിന് ഉണ്ട് ഒരു അരങ്ങ്….
കാളവണ്ടിയിലാര് വരുന്നു കാലന് തന്നെയാണോകാലനല്ലത് കമലാക്ഷിയമ്മേടെ കാരണോരെന്ന് കേള്‍ക്കുന്നു… കോറസിന്റെ എന്‍ട്രി മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് മൃതദേഹന്പിള്ളയുടെ രംഗപ്രവേശം… കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും അരങ്ങ് തകര്‍ത്ത കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നാടകത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അന്നുയര്‍ന്ന വിവാദങ്ങള്‍. അനാരോഗ്യമൊന്നും രാഷ്ട്രീയത്തില്‍ ഒരു പ്രശ്നമല്ലെന്ന് കാണാന്‍ ഈ മൃതദേഹന്പിള്ളയദ്ദേഹത്തെ കണ്ടാല്‍ മതി.
സിബിഐ, വിജിലന്‍സ്, ജയില്‍ എന്നൊക്കെ കേട്ടാല്‍ അപ്പോള്‍ത്തന്നെ ബോധം കെടുകയും നെഞ്ചുംതല്ലി വീഴുകയും ചെയ്യുന്ന അപൂര്‍വ ഇനം ആളുകളാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ഒരു ആക്ഷേപമുണ്ട്. അനാരോഗ്യം എന്നത് അലങ്കാരമാക്കിക്കളയും ഇക്കൂട്ടര്‍. എത്ര വയ്യാണ്ടായാലും പിന്നെയും പൂക്കാനൊരു അവസരമുണ്ടെങ്കില്‍ താറുടുത്ത് തട്ടേല്കേറാനും ഇത്തരക്കാര്‍ മടിക്കില്ല. ചെന്നിത്തല രമേശന് നായരെക്കൊണ്ട് കൊള്ളില്ലെന്ന് ബോധ്യം വന്നപ്പോഴേ തുടങ്ങിയതാണ് കഴിഞ്ഞ അഞ്ചാണ്ട് ‘അനാരോഗ്യം’ മൂലം അണ്ടര്ഗ്രൗണ്ടിലായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഒന്നും കൂടി പൂത്താലോ എന്നൊരു പൂതി. പാര്‍ട്ടി, കോണ്‍ഗ്രസ് ആയതുകൊണ്ടും ഹൈക്കമാന്‍ഡ് സോണിയ ആയതുകൊണ്ടും സമ്പര്‍ക്കം അതിതീവ്രമായതുകൊണ്ടും പ്രതീക്ഷിച്ചതുതന്നെ സംഭവിക്കുന്നു എന്നേ ഉള്ളൂ.
പിണറായി വിജയന് ചെക്ക് വെക്കാന്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും കളത്തിലിറക്കുകയാണ് എഐസിസി. കേട്ടപാതി കേള്‍ക്കാത്ത പാതി ചാണ്ടി ഡ്രസ് റിഹേഴ്സല്‍ ആരംഭിച്ചിട്ടുണ്ട്. രമേശന്‍നായരുടെ ഐശ്വര്യകേരളയാത്ര കഴിയുന്ന മുറയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം ചാണ്ടിയുടെ യാത്ര പ്രതീക്ഷിക്കാം. ശബ്ദത്തിന്റെ പതിവ് പതറലൊക്കെ മാറി. മുണ്ട് കൂട്ടിപ്പിടിച്ചുള്ള നടത്തയുടെ രീതിയൊക്കെ മാറ്റി…പിന്നെയും ഒരു അതിവേഗം ബഹുദൂരം ലുക്കിലേക്ക് ചാണ്ടി മാറുകയാണ്…..
‘ഉമ്മന്‍ചാണ്ടി റീലോഡഡ്’ പൊളിറ്റിക്സിന്റെ അജണ്ടയെപ്പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ കോണ്‍ഗ്രസ് പെറുമോ എന്ന് ചോദിക്കുന്നവരുണ്ട്. ആ ചോദ്യം ഉയര്‍ത്താനുള്ള ത്രാണി കോണ്‍ഗ്രസിന് വീണ്ടും കൈവന്നു എന്ന് കാണുന്നവരുമുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ചാണ്ടി വരുന്നതോടെ വീണ്ടും ഗ്രൂപ്പുകള്‍ സജീവമാകുമെന്നും കാലുവാരലുകള്‍ തകൃതിയാകുമെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്തായാലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തോടെ ശവപ്പെട്ടി സ്വന്തമായുണ്ടാക്കി അതില്‍ കയറിക്കിടന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു. എവിടെത്തി നില്‍ക്കുമെന്നത് കണ്ടറിയണം.
ഉമ്മന്‍ചാണ്ടി വരുന്നത് ഒറ്റയ്ക്കല്ല. ഉമ്മന്‍ചാണ്ടിയോടൊപ്പം അഞ്ചാണ്ട് മുമ്പ് അഴിച്ചുവെച്ച നാറ്റക്കേസുകളെല്ലാം കൂടൂം കുടുക്കയും വിട്ട് പുറത്തുചാടും. സ്വപ്നയും ശിവശങ്കരനും ബിനോയിയും ബിനീഷും എല്ലാം കൂടി അലമ്പാക്കി അശ്ലീല സര്ട്ടിഫിക്കറ്റിലോടുന്ന പിണറായി സര്‍ക്കാരിന് ഇമ്മാതിരി ഒരു ബദല്‍ കൂടിയാകുമ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകിച്ച് ഒരു സെന്‍സര്‍ബോര്‍ഡ് ആവശ്യമായി വന്നേക്കും. എ. വിജയരാഘവനും എ.കെ. ബാലനും പി.കെ. ശശിയും കെ. സുധാകരനും ജി. സുധാകരനും സാക്ഷാല്‍ മുല്ലപ്പള്ളിയുമൊക്കെ സരിതയും സ്വപ്നയും വിളയാടുന്ന നാക്കെടുത്ത് വളച്ച് അമ്മാനമാടുമെന്ന് നൂറ് വട്ടം ഉറപ്പാണ്.
അതുകൊണ്ട് കെ.സി. വേണുഗോപാലിനെയും ഹൈബി ഈഡനെയും വിഷ്ണുനാഥിനെയുമൊക്കെ ചുറ്റിനും നിര്‍ത്തി ചാണ്ടി കിതച്ചുവരുന്ന ഈ വരവിന് മലയാളികള്‍ കണ്ണും കാതും പൊത്തി കരുതല്‍ പ്രഖ്യാപിക്കേണ്ടിവരുമെന്ന വിലയിരുത്തലും ശക്തമാണ്. അത്രയ്ക്ക് കേമമായിരുന്നല്ലോ അഞ്ചാണ്ട് മുമ്പ് വരെയുള്ള ചാണ്ടിയന്‍ ഇഫക്ട്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ പങ്കാളിത്ത ജനാധിപത്യത്തിന് കുഴലൂതാനാണ് ചാണ്ടി-പിണറായി രാഷ്ട്രീയം കേരളത്തില്‍ പുതിയ വേദി കെട്ടുന്നത്. ഒറ്റസീറ്റില്‍ പോലും വിജയപ്രതീക്ഷയില്ലെങ്കിലും ബംഗാളില്‍ ചാണ്ടിയുടെ പാര്‍ട്ടിയും പിണറായിയുടെ പാര്‍ട്ടിയും ഒറ്റക്കെട്ടായിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് അത് ജനങ്ങളോട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ആടാന്‍ പോകുന്ന പ്രഹസന നാടകത്തിന്റെ അണിയറക്കാഴ്ചകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പാലം പണി മുതല്‍ പാര്‍പ്പിടം പണി വരെ തൊട്ടതിലെല്ലാം അഴിമതി മണക്കുന്ന, കറക്കുകമ്പനി മുതലാളിമാരുടെ മുന്നണി തിരിഞ്ഞുള്ള അടവുനയത്തിന്റെ അരങ്ങേറ്റമാണ് എല്ലാം. ചാണ്ടിയുടെയും പിണറായിയുടെയും പൊറാട്ട് നാടകങ്ങള്‍ക്കിടയില്‍ ജാതിക്കും മതത്തിനും മതഭീകരതയ്ക്കും വരെ സ്കോപ്പുണ്ടാക്കിയെടുക്കുക എന്ന അജണ്ടയും പുത്തന്‍ ചര്‍ച്ചകളില്‍ തെഴുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: