ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായുള്ള ആദ്യ അസം സന്ദര്‍ശനത്തില്‍ തദ്ദേശീയരും ഭൂരഹിതരുമായ 1,06,000 കുടുംബങ്ങള്‍ക്ക് ശനിയാഴ്ച പട്ടയം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു കുടുംബങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് പട്ടയങ്ങള്‍ കൈമാറി. അസമില്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഭൂമിയും ഭൂരേഖകളും ഇല്ലാത്തവരായി ആറു ലക്ഷത്തോളം കുടുംബങ്ങളുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേയുണ്ടായിരുന്ന സര്‍ക്കാരുകള്‍ ഈ കുടുംബങ്ങളെ സംരക്ഷിച്ചില്ല. എന്നാല്‍ പട്ടയങ്ങള്‍ നല്കാന് ബിജെപി സര്‍ക്കാര്‍ ആത്മാര്‍ഥമായ നടപടികള്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടയങ്ങള്‍ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ഈ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കുമെന്നും ഭൂമി ഉടമസ്ഥതാവകാശം ലഭിച്ചതോടെ ബാങ്ക് വായ്പകള്‍ എടുക്കാന്‍ കഴിയുമെന്നും മോദി ചൂണ്ടിക്കാട്ടി. അസമിലെ ശിവസാഗറില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പട്ടയവിതരണ നടപടികളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് ഏഴു ബിഖ കൃഷിഭൂമിയും വീടുപണിയാന്‍ ഒരു ബിഖയും ലഭിക്കും.
14,400 ചതുരശ്ര അടിക്ക് തുല്യമാണ് ഒരു ബിഖ. നഗരപ്രദേശങ്ങളില്‍ 1.10 കാതയും ഗുവാഹത്തിയില്‍ 1.50 കാതയും അനുവദിക്കും. അസമില്‍ ഒരു കാത എന്ന് പറഞ്ഞാല്‍ 2,880 ചതുരശ്ര അടിയാണ്. ഭൂരഹിതരായ കുടംബങ്ങള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുമെന്ന് 2016-ലെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 2016-ല്‍ സംസ്ഥാനത്ത് 575,000 ഭൂരഹിത കുടുംബങ്ങളുണ്ടായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് അധികാരത്തില്‍ വന്നതു മുതല്‍ 2,28,000 ഓളം കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച സംഘടിപ്പിച്ച പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: