കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ സിപിഎം അംഗം കാലുമാറി. കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആരോപിച്ച് എം.എച്ച്.എം. അഷ്റഫ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോര്പ്പറേഷന് ആറാം ഡിവിഷനില കൗണ്‍സിലറാണ് അഷ്റഫ്. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും ഒഴിഞ്ഞിട്ടുണ്ട്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അഷ്റഫ് തന്നെയാണ് സിപിഎമ്മില്‍ നിന്നും രാജിവെച്ചതായി അറിയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ല. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫിന് പിന്തുണ നല്കിയ സ്വതന്ത്ര അംഗം സനില്‍ മോന് നഗരാസൂത്രണ സമിതി ചെയര്മാന് സ്ഥാനം നല്‍കാനുള്ള സിപിഎം തീരുമാനത്തിനെ അഷറഫ് എതിര്‍ത്തു. മുതിര്‍ന്ന തന്നെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഭരണപക്ഷം ഇത് തള്ളി.
തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഷറഫ് തന്റെ വോട്ട് അസാധുവാക്കി. ഇതുമൂലം പൊതുമരാമത്ത് കമ്മിറ്റി ഇടതുപക്ഷത്തിന് നഷ്ടമാവുകയും ചെയ്തു. നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങള്‍ വീതമാണ് കോര്‍പ്പറേഷനിലെ അംഗബലം. രണ്ട് യുഡിഎഫ് വിമതര്‍ നല്കിയ പിന്തുണയിലാണ് എല്‍ഡിഎഫ് കോര്പ്പറേഷന് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: