കൊല്ലം: നഗരഹൃദയത്തില്‍ ചെമ്മാമുക്കിനും ഹൈസ്കൂള്‍ ജംഗ്ഷനും പിന്നാലെ ദേശീയപാതയില്‍ മൂന്നാമത്തെ നടപ്പാലമൊരുങ്ങുന്നു. പാര്‍വതി മില്‍ ജംഗ്ഷനിലാണിത്. വടയാറ്റുകോട്ടയിലെ നിരവധി വസ്ത്രവ്യാപാര ശാലകളില്‍ തൊഴിലെടുക്കുന്ന നൂറുകണക്കിന് വനിതാജീവനക്കാര്‍ക്കും സമീപത്തെ സ്വകാര്യ സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കും ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്കും അനുഗ്രഹമാകും ഈ പാലം.
അമൃത് മിഷന് ഫണ്ടില്‍ നിന്നും 66 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാലം നിര്‍മിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി സ്റ്റീലിലാണ് പടികളും പാലവും. നിര്‍മാണം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാരന് പറയുന്നത്.
റോഡ് നിരപ്പില്‍ നിന്നും അഞ്ച് മീറ്റര്‍ ഉയരത്തിലും 31 മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലുമാണ് പാലം ഒരുക്കുന്നത്. വളരെ നേരത്തെ കരാറായെങ്കിലും രൂപരേഖയിലെ മാറ്റം കാരണമാണ് നിര്‍മാണം നീണ്ടുപോയത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണിത്. പാര്‍വതി മില്ലിന് സമീപമുള്ള കോണ്‍വന്റ് ജംഗ്ഷനിലും വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും വന്‍തിരക്കാണ് സാധാരണ അനുഭവപ്പെടാറ്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവുവന്നത്.
സെന്റ് ജോസഫ് കോണ്‍വെന്റിലെ വിദ്യാര്‍ഥികളും ജില്ലാ ആശുപത്രിയിലെത്തുന്ന പ്രായമായ രോഗികളും ഇവിടെ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെടുന്നത് പതിവുകാഴ്ചയാണ്. സ്റ്റീലും അനുബന്ധ ഘടകങ്ങളും ഉപയോഗിച്ചുള്ള നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ പൊളിച്ചുനീക്കേണ്ടിവന്നാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നതാണ് ഇതിന്റെ ഗുണം. കൊല്ലത്തിന്റെ അടയാളമായ ക്ലോക് ടവറിന്റെ മാതൃകയിലാകും പാലത്തിന്റെ ഇരുവശത്തെയും തൂണുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: