അഞ്ചാലുംമൂട്: നിരന്തരം അക്രമം നടത്തുന്ന സിപിഎമ്മിന് മുമ്പില്‍ പോലീസ് മുട്ടുമടക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് സിപിഎമ്മിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചു വിടുന്നത്.
നിരവധി അക്രമണങ്ങള്‍ അരങ്ങേറിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. നാട്ടിലെ സമധാന അന്തരീക്ഷം തകര്‍ന്നാല്‍ അതിന് ഉത്തരവാദിത്തം പോലീസിനാകുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പട്ടത്താനം വിഷ്ണു, ജില്ലാസെക്രട്ടറി ഗോകുല്‍ കരുവ, ജില്ലാ വൈസ് പ്രസിഡന്റ് ജമുന് ജഹാംഗീര്‍, മന്ദിരം ശ്രീനാഥ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷനായി.
കടവൂരില്നിന്നും ആരംഭിച്ച പ്രകടനം അഞ്ചാലുംമൂട്ടില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പനയം പഞ്ചായത്തിലെ അമ്പഴവയല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സജികുമാറിനും മറ്റ് പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: