കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോര് ഇത്തവണയും ബിജെപിയും മുസ്ലീം ലീഗും തമ്മിലാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.
ബിജെപിക്കും ലീഗിനും കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. ബിജെപിക്ക് ശക്തമായ സാന്നിധ്യം മണ്ഡലത്തിലെ എല്ലാ പ്രദേശത്തുമുണ്ട്. എല്‍ഡിഎഫ് മിക്കപ്പോഴും ഇവിടെ അപ്രസക്തമാണ്. മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ സ്ഥിരമായി യുഡിഎഫ് ജയിച്ചു വരുന്ന പ്രദേശമാണെങ്കിലും ബിജെപിക്ക് ഓരോ തെരഞ്ഞെടുപ്പിലും വര്‍ദ്ധിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസ്സിനെന്നപോലെ എല്‍ഡിഎഫിനെയും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് ഘടകക്ഷികള്‍ക്ക് സീറ്റ് നല്കി തെരഞ്ഞെടുപ്പില്‍ നിന്നും അപ്രസക്തമായി, മുസ്ലീം ലീഗിന് വിജയിക്കാനുള്ള വഴിതെളിക്കുന്നതാണ് പൊതുവേ സ്വീകരിക്കുന്ന നയം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് 53,068 വോട്ടുകള്‍ നേടിയാണ് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. 9738 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് അന്ന് ബിജെപിയുടെ ജയലക്ഷ്മി എന്‍. ഭട്ടായിരുന്നു. 43,330 വോട്ടായിരുന്നു ബിജെപി നേടിയത്. 16,467 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ ഘടകക്ഷിയായ ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേത്യത്വം നല്കുന്ന എന്‍ഡിഎ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ബിജെപിയിലെ രവീഷ തന്ത്രി 56,120 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 8607 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗിന്റെ എന്‍.എ നെല്ലിക്കുന്ന് 64,727 വോട്ടുകള്‍ നേടി വിജയിച്ചു. ഐഎന്‍എല്ലിന്റെ എ.എ. അമീന് 21,615 വോട്ട് നേടി മൂന്നാം സ്ഥാനത്തുമെത്തി.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തില്‍ കുറഞ്ഞൊന്നും മണ്ഡലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നത്. ഈ അവസരം മുതലെടുത്ത് മുന്നണിയില്‍ സ്വാധീനവും കരുത്തും കൂട്ടി മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുസ്ലീം ലീഗ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ തീരുമാനമായിട്ടില്ല.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല സ്ഥാനാര്‍ഥിയാകുമെന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. കെ.എം.ഷാജിയോ മറ്റോ ഇറക്കുമതി സ്ഥാനാര്‍ഥിയായി കാസര്‍കോടെത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളോട് ജില്ലാ നേത്യത്വത്തിന് താല്പര്യക്കുറവുണ്ട്.
കഴിഞ്ഞ മൂന്നു തവണയും ഐഎന്‍എല്‍ ആണ് ഇവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഐഎന്‍എല്‍ സ്ഥിരമായി തോല്‍ക്കുകയും, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതിനാല്‍ ഇത്തവണ കാസര്‍കോട് സീറ്റ് വേണ്ടെന്ന നിലപാടിലാണ്. പകരം വിജയസാധ്യതയുള്ള ഉദുമയോ കാഞ്ഞങ്ങാടോ നല്‍കണമെന്നു മുന്നണിയില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇടതു സ്വതന്ത്രനെയായിരിക്കും കാസര്‍കോട്ട് എല്‍ഡിഎഫ് രംഗത്തിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: