മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നും സാമൂഹ്യ വിരുദ്ധര്‍ ഫ്യൂസ് കാരിയര്‍ മോഷ്ടിക്കുന്നത് നിത്യ സംഭവമായി മാറി. മുഹമ്മ ജങ്ഷന് പടിഞ്ഞാറ് പാന്തേഴം,അഴീക്കോടന്‍ കവല എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്സ്ഫോര്മറുകളോടൊപ്പമുള്ള ഫ്യൂസ് കാരിയറുകളാണ് വ്യാഴാഴ്ച ഉച്ചയോട് കൂടി മോഷ്ടിക്കപ്പെട്ടത്.
വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിഛേദിച്ചു എന്ന ധാരണയായിരുന്നു പ്രദേശവാസികള്‍ക്ക്. സന്ധ്യാ സമയത്തോട് അടുത്തിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ വൈദ്യുതി ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടില്ല എന്ന വിവരം അറിയുന്നത്.
പരിസരങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫ്യൂസ് കാരിയര്‍ കണ്ടെത്താനായില്ല.വൈദ്യുതി സെക്ഷന്‍ അധികൃതര്‍ മാരാരിക്കുളം പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കുകയും,പരാതി രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കാവുങ്കലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് കാരിയറും ഒരു മാസത്തിന് മുന്‍പ് സാമൂഹ്യ വിരുദ്ധര്‍ മോഷ്ടിച്ചിരുന്നു. അന്നും അധികൃതര്‍ മണ്ണഞ്ചേരി പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല.
മുഹമ്മ സെക്ഷന്‍ പരിധികളില്‍ നിന്നും ഫ്യൂസ് കാരിയറുകളുടെ മോഷണം നിത്യസംഭവമാവുകയാണ്. അതോടൊപ്പം വൈദ്യുതി ഇല്ലാതെ ഉപഭോക്താക്കളുടെ ദുരിതവും വര്‍ദ്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: