തിരുവനന്തപുരം: നേരത്തെ പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ വനിതാകമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് വീണ്ടും വിവാദത്തില്‍. ഇക്കുറി 89 വയസ്സുകാരിയെ അയല്ക്കാരന് മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് വനിതാകമ്മീഷനെ ഫോണില്‍ വിളിച്ച ബന്ധുവിനെതിരെയായിരുന്നു വനിതാകമ്മിഷന് അധ്യക്ഷയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമുണ്ടായത്. . ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ ഇക്കാര്യം വിവിധ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നത് എന്നായിരുന്നു ജോസഫൈന്റെ ചോദ്യം. 89 വയസ്സുള്ള ഒരു സ്ത്രീയുടെ പരാതി എന്തിനാണ് വനിതാകമ്മിഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് എത്തണമെന്നും ആയിരുന്നു വനിതാകമ്മീഷന് അധ്യക്ഷയുടെ മറ്റൊരു വിചിത്ര വാദമുഖം.
പത്തനംതിട്ടയിലാണ് 89കാരി വൃദ്ധയ്ക്ക് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയെ മദ്യലഹരിയില്‍ എത്തിയ അയല്‍വാസി മര്‍ദ്ദിക്കുകയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുവായ ഉല്ലാസ് ആണ് വനിതാകമ്മീഷന് അധ്യക്ഷയെ വിളിച്ചത്. നേരത്തെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങിന് എത്തണമെന്നാവശ്യപ്പെട്ട് വനിതാകമ്മീഷനില്‍ നിന്നും നോട്ടീസ് ലഭിച്ച സാഹചര്യത്തിലായിരുന്നു ഉല്ലാസ് ജോസഫൈനുമായി ബന്ധപ്പെട്ടത്. പരാതിക്കാരിയോട് വനിതാകമ്മീഷന് അടൂരില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 89 വയസ്സായതിനാല്‍ അത്രദൂരം യാത്ര ചെയ്ത് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉല്ലാസ് പറഞ്ഞു. അപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടുകൂടേ എന്നായി ജോസഫൈന്റെ ചോദ്യം. പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാത്തതിനാലാണ് വനിതാകമ്മിഷന് അധ്യക്ഷയെ ഉല്ലാസ് ബന്ധപ്പെടുന്നത്. ’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം’ എന്നായി ജോസഫൈന്. വനിതാകമ്മീഷന് അധ്യക്ഷയുടെ ശബ്ദത്തിന്റെ മുഖമുദ്ര ധാര്‍ഷ്ട്യമായിരുന്നു. നേരത്തെ പെരുംപട്ടി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പിന്നീട് പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: