തിരുവല്ല: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി.ജെ. കുര്യനും കോണ്‍ഗ്രസ് നേതൃത്വവുമായി അകലുന്നു. യുഡിഎഫിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചതോടെ കുര്യന് മൗനത്തിലാണ്. രാജ്യസഭാ കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും സീറ്റു കിട്ടാതെ പോയത് മുതല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി കുര്യന് അകന്ന് കഴിയുകയായിരുന്നു. ഒടുവില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച കുര്യനെ ഗ്രൂപ്പ് വൈരം മറന്നാണ് കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ ഇഷ്ടക്കാരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിയമിച്ചതിനെതിരെ മല്ലപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുകയും കുര്യന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
രാജ്യസഭ സീറ്റ് കിട്ടാതെ പോയപ്പോള്‍ കുര്യന്റെ വിമര്‍ശനത്തിന്റെ കുന്തമുന പ്രധാനമായും ഉമ്മന്‍ചാണ്ടിക്ക് നേര്‍ക്കായിരുന്നു. അതേ ഉമ്മന്‍ചാണ്ടിയില്‍ ഹൈക്കമാന്‍ഡ് വിശ്വാസം ഉറപ്പിച്ചതോടെ കുര്യന് ഞെട്ടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. ഒരു സമയത്ത് ടെന്‍ ജനപഥുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുര്യന് 1980 മുതല്‍ തുടര്‍ച്ചയായി ആറ് തവണ ലോക്സഭാംഗവും 2005 മുതല്‍ 2018 വരെ രാജ്യസഭാംഗവുമായിരുന്നു. മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി. പാര്‍ട്ടിയില്‍ ചീഫ് വിപ്പ് അടക്കം പല ഉന്നത സ്ഥാനങ്ങളും അലങ്കരിക്കുകയും ചെയ്തു. രാജ്യസഭാ സീറ്റ് പ്രശ്നം മുതല്‍ ഹൈക്കമാന്‍ഡുമായി അകല്‍ച്ചയിലാണ്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയില്‍ കുര്യനെ ഹൈക്കമാന്‍ഡ് ഉള്‍പ്പെടുത്തിയതുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുര്യന് പ്രൊഫ. കെ.വി.തോമസിന്റെ വഴിയേ ആണോ എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
എഴുപത്തൊമ്പതു വയസ്സുകാരനായ കുര്യന് ഇത്തവണ നിയമസഭയിലെത്തുകയും യുഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണെറിയുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ കുര്യനെ ഒന്നിച്ച് എതിര്‍ക്കുന്നതിന്റെ കാരണവും ഇതാണ്. തനിക്ക് എന്‍എസ്എസും മാര്‍ത്തോമ സഭാ നേതൃത്വവുമായുള്ള അടുത്ത ബന്ധവും ഉയര്‍ത്തിക്കാട്ടിയാണ് സീറ്റിന് ശ്രമിക്കുന്നത്. അതേ സമയം പുതിയ തലമുറയ്ക്കായി വഴിമാറി കൊടുത്തുകൂടേ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ കുര്യന് അടുത്തയിടെ ഇടതുപക്ഷത്തേക്ക് കണ്ണെറിഞ്ഞിട്ടുണ്ട്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പിന്തുണച്ച് കുര്യന് നടത്തിയ പ്രസ്താവനയും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. പക്ഷെ ഇടതു ക്യാമ്പില്‍ എത്തിയാലും തിരുവല്ല സീറ്റ് ലഭിക്കാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. ജനതാദള്‍ എസിന്റെ സിറ്റിങ് സീറ്റായ തിരുവല്ലയില്‍ മാത്യു ടി.തോമസ് തന്നെയായിരിക്കും മത്സരിക്കുക. മറ്റൊരാള്‍ മത്സരിക്കുന്നതിനോട് സിപിഎം നേതൃത്വത്തിനും താല്‍പ്പര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: