ലണ്ടന്‍: ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കൊച്ചി-ലണ്ടൻ വിമാന സര്‍വീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒന്‍പതാം ഘട്ടത്തില്‍പ്പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇത് റദ്ദാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച രാവിലെ ഉത്തരവിറക്കി.
ആഴ്ചയില്‍ മൂന്നുദിവസമുള്ള ഈ സര്‍വീസ് ജനുവരിക്കു ശേഷം തുടരുമോയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുമില്ല. വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ സുനില്‍ കുമാറാണ് ഉത്തരവിറക്കിയിരിക്കുന്നത്. 26,28, 30 തീയതികളില്‍ കൊച്ചിയില്‍നിന്നും ലണ്ടനിലേക്കും മടക്ക സര്‍വീസില്‍ തിരിച്ച് നാട്ടിലേക്കും ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് ദല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നെ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയോ പിന്നീട് കൊച്ചിയില്‍നിന്നും സര്‍വീസ് തുടങ്ങുന്ന മുറയ്‌ക്കോ മാത്രമേ യാത്ര സാധ്യമാകൂ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയമായിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍- കൊച്ചി വിമാന സര്‍വീസ്. ഓഗസ്റ്റില്‍ ആരംഭിച്ച ഈ സര്‍വീസില്‍ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് . ബ്രിട്ടനിലെ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ വന്ദേ ഭാരത് മിഷന്‍ ജനുവരി എട്ടിന് പുനരാരംഭിച്ചപ്പോള്‍ പക്ഷേ, കൊച്ചിയെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: